വൈപ്പിൻ: കൊച്ചി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളിൽ വൈപ്പിൻ മണ്ഡലത്തിന് അർഹതപ്പെട്ട പ്രാമുഖ്യം ഉറപ്പാക്കണമെന്ന് കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറ‌ഞ്ഞു. ഗ്രാമീണ വിശുദ്ധി വിളങ്ങുന്ന ഇവിടത്തെ സുന്ദരമായ കടലോരങ്ങളും കായലോരങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും വൻതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കും. ലോകത്തുതന്നെ അപൂർവ്വമായ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാ പാർക്ക് എത്രയും വേഗം നടപ്പാക്കാൻ ടൂറിസം മന്ത്രി മുൻകൈയെടുക്കണം. ടൂറിസം, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി ബോൾഗാട്ടിപാലസിൽ സംഘടിപ്പിച്ച കാരവൻ ടൂറിസം ശിൽപശാലയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ.അജിത്ത്കുമാർ, അഡീഷണൽ കമ്മിഷണർ പ്രമോജ് ശങ്കർ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, വാർഡ് അംഗം നിക്കോളാസ് ഡിക്കുത്ത്, ടൂറിസം ഡയറക്ടർ വി. ആർ. കൃഷ്ണതേജ എന്നിവർ പങ്കെടുത്തു.