കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മാനേജിംഗ് കമ്മിറ്റിയംഗം തുഷാർ വെള്ളാപ്പള്ളിയടക്കമുള്ളവർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. തൃശൂർ വിജിലൻസ് കോടതിയിലെ നടപടികൾക്കെതിരെ തുഷാർ അടക്കമുള്ളവർ നൽകിയ ഹർജികൾ അനുവദിച്ച് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയാണ് വിധി പറഞ്ഞത്.
2011 - 2013 കാലഘട്ടത്തിൽ തുഷാർ വെള്ളാപ്പള്ളി ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നപ്പോൾ, മറ്റ് ദേവസ്വം അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, എക്സിക്യുട്ടീവ് എൻജിനീയർ എന്നിവരുമായി ഗൂഢാലോചന നടത്തി ചട്ട വിരുദ്ധമായി തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്തിയെന്നാണ് കേസ്. ദേവസ്വത്തിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ സീനിയർ ടെക്നീഷ്യനും ജീവനക്കാരുടെ പ്രതിനിധിയെന്ന നിലയിൽ ബോർഡ് അംഗവുമായിരുന്ന എ. രാജുവിനെ യോഗ്യതയില്ലാതെ ഫോർമാൻ ഗ്രേഡ് ഒന്നിലും, കെ. രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ച് ഇവർക്ക് അനർഹമായ സാമ്പത്തികനേട്ടവും, ദേവസ്വത്തിന് സാമ്പത്തിക നഷ്ടവുമുണ്ടാക്കിയെന്നായിരുന്നു ആരോപണം.തുടർന്ന് തുഷാർ വെള്ളാപ്പള്ളിയുൾപ്പെടെ എട്ടു പേർക്കെതിരെ അന്വേഷണം നടത്തി വിജിലൻസ് കുറ്റപത്രവും നൽകി.
ഗുരുവായൂർ ദേവസ്വത്തിൽ തസ്തിക സൃഷ്ടിക്കാൻ നടപടിക്രമമനുസരിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകുന്ന പ്രൊപ്പോസൽ മാനേജിംഗ് കമ്മിറ്റി ദേവസ്വം കമ്മിഷണർക്ക് ശുപാർശ ചെയ്യുകയും, ഇത് കമ്മിഷണർ അംഗീകരിക്കുകയും വേണം. ഇങ്ങനെ നടപടിക്രമങ്ങൾ പാലിച്ചാണ് ഫോർമാൻ ഗ്രേഡ് വൺ തസ്തികയ്ക്ക് രൂപം നൽകി രാജുവിനെ നിയമിച്ചതെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. രാജുവിന്റെ യോഗ്യത കോടതി വിധികളിലൂടെ അംഗീകരിച്ചതാണെന്നും പ്രൊമോഷൻ കമ്മിഷണറുടെ അനുമതിയോടെയാണ് നൽകിയതെന്നുമുള്ള തുഷാറിന്റെ വാദവും ഹൈക്കോടതി ശരിവച്ചു. സിസ്റ്റം അനലിസ്റ്റിന്റെ തസ്തികയിലേക്കും നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് രഞ്ജിത്തിനെ നിയമിച്ചത്. രാജുവിന് പ്രൊമോഷൻ നൽകാനും സിസ്റ്റം അനലിസ്റ്റിനെ നിയമിക്കാനും തീരുമാനിച്ച യോഗങ്ങളിൽ തുഷാർ പങ്കെടുത്തിരുന്നില്ല. ഫോർമാൻ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചെങ്കിലും സീനിയർ ടെക്‌നീഷ്യന്റെ തസ്തികയിലുള്ള അതേ ശമ്പളമാണ് രാജു വാങ്ങിയിരുന്നത്. അനർഹമായ നേട്ടം രാജുവിനുണ്ടായിട്ടില്ലെന്നും , ദേവസ്വത്തിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെന്നും തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി ഹാജരായ അഡ്വ. എ.എൻ. രാജൻബാബു വാദിച്ചു. നിയമനങ്ങളിലൂടെ തുഷാർ ഉൾപ്പെടെയുള്ളവർ അനധികൃത നേട്ടമുണ്ടാക്കിയെന്ന് പരാതിയില്ലെന്നും ചൂണ്ടിക്കാട്ടി.
തുടർന്നാണ്, അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തി ,തൃശൂർ വിജിലൻസ് കോടതിയിൽ ഹർജിക്കാർക്കെതിരെ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രവും തുടർനടപടികളും ഹൈക്കോടതി റദ്ദാക്കിയത്.