കൊച്ചി: മോൻസൻ മാവുങ്കലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ചേർത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽനിന്ന് പിൻമാറാൻ മോൻസൻ ഭീഷണിപ്പെടുത്തിയിരുന്നതായി വിശദീകരിച്ചും ഇയാളുടെ ഫോണടക്കം പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടും കടവന്ത്ര സ്വദേശിനിയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും അന്വേഷണത്തി​ന് മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പരാതിയിൽ യുവതി ആവശ്യപ്പെടുന്നു. ഇന്നലെ ഓൺലൈനായാണ് യുവതി പരാതി സമർപ്പിച്ചത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നു കാട്ടി ചേർത്തല സ്വദേശിയായ എസ്. ശരത്തിനെതിരെ യുവതി 2021 ഫെബ്രുവരിയിൽ കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. മോൻസന്റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്റെ കുടുംബം. ഇതിനുശേഷമാണ് കേസിൽനിന്ന് പിന്മാറാൻ മോൻസൻ യുവതിയേയും കുടുംബത്തെയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നത്. പരാതി പിൻവലിക്കാനായി മോൻസൻ ഗുണ്ടകളെയും രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും അയച്ചു. കേസ് പിൻവലിച്ചില്ലെങ്കിൽ നഗ്‌നവീഡിയോയും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ശരത്തും താനും കേസിൽനിന്ന് നിഷ്പ്രയാസം ഊരിപ്പോരും. പത്തുലക്ഷം രൂപതരാം, കേസിൽ നിന്നു പിന്മാറണമെന്നും മറ്റും മോൻസൻ പറഞ്ഞതായും പരാതി​യി​ലുണ്ട്.