plea

കൊച്ചി: എൻജിനീയറിംഗ് പ്രവേശത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കല്ലാതെ, പ്ളസ് ടുവിന്റെ മാർക്ക് കൂടി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. നേരത്തേ ഇൗ ആവശ്യം സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇത്തവണ സി.ബി. എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ളസ് ടു പരീക്ഷ നടത്തിയിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് എൻജിനീയറിംഗ് പ്രവേശനത്തിന് പ്ളസ് ടുവിന്റെ മാർക്ക് പരിഗണിക്കരുതെന്ന ആവശ്യമുന്നയിച്ച് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സ്റ്റേറ്റ് സിലബസിൽ ഇത്തവണ പരീക്ഷ നടത്തിയിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ളസ് ടു പരീക്ഷ നടത്തിയില്ലെങ്കിലും സുപ്രീംകോടതി അംഗീകരിച്ച സ്കീം പ്രകാരം മുൻ വർഷങ്ങളിലെ മാർക്കുകൾ കൂടി പരിഗണിച്ച് ഫലം പ്രഖ്യാപിച്ചിരുന്നു. ഇൗ മാർക്ക് എൻജിനീയറിംഗ് പ്രവേശനത്തിനും പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയത് അംഗീകരിച്ചാണ് നേരത്തെ സിംഗിൾബെഞ്ച് ഹർജി തള്ളിയത്. ഇൗ വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ തള്ളിയത്.