പെരുമ്പാവൂർ: ചേരാനല്ലൂർ തൊട്ടുചിറയിൽനിന്ന് കൊടുവേലി ചിറയിലേക്കുള്ള തോട് നന്നാക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടു. ഇതുമൂലം തൊട്ടുചിറയിൽ പുല്ലും പായലുംനിറഞ്ഞ് മൂടിയ അവസ്ഥയിലാണ്. നിലവിൽ 10 മീറ്ററോളം ചിറ ഇത്തരത്തിൽ മൂടിക്കഴിഞ്ഞു. ചിറകൾ ബന്ധിപ്പിക്കുന്ന ഈ തോടിന് 3മീറ്റർമുതൽ 4 മീറ്റർവരെ വീതിയുണ്ട്. ഇത് ഉടനെ നന്നാക്കിയില്ലെങ്കിൽ രണ്ടുമാസത്തിനകം ചിറ പുല്ലുംപായലുംവന്ന് പൂർണമായി മൂടിപ്പോകുമെന്നുറപ്പാണ്.
എട്ടേക്കർ വിസ്തീർണമുള്ള ഈ ചിറയാണ് കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലുള്ള ആയിരത്തിലധികം കുടുംബങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത്. കൂടാതെ നാല് വാർഡുകളിൽ കൃഷിക്ക് ഉപയോഗിക്കുന്നതും ഈ ചിറയിൽ നിന്നുള്ള വെള്ളമാണ്. എത്രയും പെട്ടെന്ന് ഈ തോട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ചിറയിൽനിന്ന് നീരൊഴുക്ക് സുഗമമാക്കി ചിറയെ സംരക്ഷിക്കണമെന്ന് ചേരാനല്ലൂർ കർഷകസമിതി പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ ആവശ്യപ്പെട്ടു.