കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് വക പ്രശസ്തമായ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമി കൈയേറ്റപ്രശ്നം ക്രിമിനൽ കേസുകളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. പൊലീസും റവന്യൂ അധികൃതരും കോർപ്പറേഷൻ കൗൺസിലറും പ്രശ്നത്തിൽ പക്ഷം പിടിക്കുന്നുവെന്ന ആരോപണവും സങ്കീർണസ്ഥിതി സൃഷ്ടിക്കുന്നുണ്ട്.
ക്ഷേത്രഭൂമി സംരക്ഷണത്തിന് ഇറങ്ങിയവരുടെ പേരിൽ ദേവസ്വം ഭൂമി കൈയേറിയെന്ന പേരിലും കേസുണ്ടായി. ഒരു ഭാരവാഹിക്കെതിരെ സ്റ്റേഷനിൽ രണ്ടാമതും പോക്സോ പരാതി എത്തി. ക്ഷേത്രഭൂമിയിൽ നിന്ന് മണ്ണെടുക്കൽ, അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യൽ, അതിർത്തി കല്ലുകൾ തകർക്കൽ, കൽവിളക്ക് തകർക്കൽ, ലഹരിമാഫിയയുടെ വിളയാട്ടം തുടങ്ങി പത്തിലേറെ പരാതികൾ ക്ഷേത്രം ഓഫീസർ പള്ളുരുത്തി പൊലീസിൽ നൽകിയിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. പള്ളുരുത്തി പൊലീസും കോർപ്പറേഷൻ കൗൺസിലറും ഒരു മതവിഭാഗത്തിന് വേണ്ടി പക്ഷപാതപരമായ നിലപാടെടുക്കുന്നതായി ആരോപിച്ച് ഹിന്ദു ഐക്യവേദിയും രംഗത്തെത്തി.
ഭൂമി പുറമ്പോക്കാണെന്ന ആർ.ഡി.ഒ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഭൂമി ദേവസ്വം വകയാണെന്ന വില്ലേജ് പുറമ്പോക്ക് രജിസ്റ്ററിലെയും മറ്റും പഴയ റവന്യൂ രേഖകൾ ഇപ്പോൾ പുറത്തുവന്നതാണ് അധികൃതരെ പ്രതിസന്ധിയിലാക്കുന്നത്.
പ്രശ്നം ഇങ്ങനെ
അഴകിയകാവ് ദേവസ്വത്തിന് രേഖകൾ പ്രകാരം 9 ഏക്കർ ഭൂമിയുണ്ട്. ഇതിൽ ആറേക്കർ പൊതുകളിസ്ഥലമായും അനധികൃത പാർക്കിംഗിനും മറ്റുമാണ് ഉപയോഗിച്ചുവന്നത്. ഏഴ് സെന്റോളം ഭൂമി കൈയേറിയിട്ടുമുണ്ട്.
2019ൽ മൈതാനത്തേക്കുള്ള ദ്രവിച്ച ഗേറ്റുകൾ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങി. എതിർപ്പുകളുമായി ചിലർ രംഗത്തുവന്നു. അഴകിയകാവ് ഭൂമി സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടു.
ഭൂമിവില 100 കോടി
റവന്യൂ പുറമ്പോക്കെന്ന് പറയുന്ന ആറേക്കറോളം വരുന്ന ദേവസ്വത്തിന്റെ ഭൂമിയുടെ മതിപ്പുവില 100 കോടിയോളം വരും.
കളിച്ചതാര്
ക്ഷേത്രഭൂമി കൈയേറിയവരും രണ്ട് വീട്ടുകാർക്ക് വേണ്ടി ഈ ഭൂമിയിലൂടെ വഴിയുണ്ടാക്കാൻ ശ്രമിക്കുന്നവരും ചില റവന്യൂ, ദേവസ്വം ബോർഡ് ജീവനക്കാരും ചേർന്നാണ് ദേവസ്വം ഭൂമി പൊതുവസ്തുവാക്കാൻ ശ്രമിച്ചതെന്ന് സംരക്ഷണ സമിതി പറയുന്നു.
ഇപ്പോഴത്തെ പ്രശ്നം
ക്ഷേത്രഭൂമി സംരക്ഷണത്തിനായി നിയമയുദ്ധം നയിക്കുന്നയാളുടെ പേരിൽ പ്രദേശത്തെ സ്ത്രീ നൽകിയ പരാതിയാണ് ഏറ്റവും പുതിയ സംഭവം. ഇദ്ദേഹം സ്വന്തം വീട്ടിലിരുന്ന് ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെ നഗ്നത കാട്ടിയെന്നാണ് പരാതി. നേരത്തെയും സമാനമായ പരാതി നൽകിയപ്പോൾ അന്നത്തെ സി.ഐ അതിൽ കഴമ്പില്ലെന്ന് കണ്ട് നിരാകരിച്ചിരുന്നു.
ആക്ഷേപങ്ങൾ നിരവധി
കൗൺസിലർ സോണി കെ.ഫ്രാൻസിസ് ക്ഷേത്രഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും മതപരമായ വിവേചനം കാണിക്കുന്നുവെന്നും പൊലീസും പക്ഷപാതപരമായി നിലപാടെടുക്കുന്നുവെന്നും അഴകിയകാവ് ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ക്ഷേത്ര സംരക്ഷണസമിതി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇടപെട്ടത് പൊതുആവശ്യത്തിന് വേണ്ടി
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾക്ക് വഴി ലഭിക്കാനാണ് ശ്രമിക്കുന്നത്. റവന്യൂ രേഖകളിൽ ഈ ഭൂമി പുറമ്പോക്കാണ്. മറിച്ചാണെങ്കിലും ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ സഹായകരമായ തീരുമാനമെടുക്കണം. മതപരമായ ഒരു നിലപാടും എനിക്കില്ല. പൊതുആവശ്യത്തിന് വേണ്ടിയുള്ളതാണ് പ്രവർത്തനങ്ങൾ.
സോണി കെ.ഫ്രാൻസിസ്
കോർപ്പറേഷൻ കൗൺസിലർ
ഭൂമി ക്ഷേത്രത്തിന്റേത്
കൃത്രിമരേഖകൾ ചമച്ച് അഴകിയകാവ് ക്ഷേത്രം പുറമ്പോക്കാക്കി മാറ്റാൻ ശ്രമിച്ച റവന്യൂ ജീവനക്കാർക്കെതിരെ നടപടിവേണം. ക്ഷേത്രഭൂമി സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം. ഇതിനെതിരെ ഏതറ്റം വരെയും പോരാടും.
പി.പി.മനോജ്, ജനറൽ സെക്രട്ടറി
ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക്