കൊച്ചി: കൂട്ടായ പരിശ്രമത്തിലൂടെ കൊച്ചി നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി പി. രാജീവ്. വികസന പദ്ധതികൾ വേഗത്തിലാക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച ഭരണ, ഉദ്യോഗസ്ഥ, സംഘടനാതല ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൊന്നുരുന്നിയിലെ റെയിൽവേയുടെ 110 ഏക്കർ ഭൂമി വികസനത്തിനായി ഉപയോഗിക്കണമെന്നും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ആസ്‌ട്രോ ടർഫ്, ഗവ. ലോ കോളേജിലെ ഹാൾ പൈതൃക സ്വത്താക്കണം എന്നീ കാര്യങ്ങളും ഹൈബി ഈഡൻ എം.പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എ.എസ്. നൈസാം, സി.എസ്.എം.എൽ സി.ഇ.ഒ എസ്. ഷാനവാസ്, എ.ഡി.എം എസ്. ഷാജഹാൻ, ഡി.സി.പി ഐശ്വര്യ ഡോംഗ്രെ, ആന്റണി കുരീത്തറ, എസ്.പി. കമ്മത്ത്, ഡോ. ടി.വി. രവി, കാർത്തികേയൻ, രഞ്ജിത്ത് വാര്യർ, രാംമോഹൻ നായർ, എൻ. ബാലസുബ്രഹ്മണ്യൻ, രംഗദാസപ്രഭു, പി.എൻ സീനുലാൽ, സേതുനാഥ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
• സ്ഥലമേറ്റെടുപ്പിന് പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്ന ടി.ജെ. വിനോദ് എം.എൽ.എയുടെ ആവശ്യം പരിഗണിക്കും.
• വിദഗ്ദ്ധരുടെ പാനൽ രൂപീകരിക്കും.
• കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും.
• ഫോർട്ടുകൊച്ചിക്ക് പ്രത്യേക പദ്ധതി.
• ഓരോ നിയോജകമണ്ഡലത്തിലെയും പ്രശ്‌നങ്ങൾ വിലയരുത്താനായി എം.എൽ.എമാരുടെ പ്രത്യേക യോഗം ചേരും.
• അവലോകന യോഗങ്ങളും കൃത്യമായ കലണ്ടറും തയ്യാറാക്കി വികസന പദ്ധതികൾ വേഗത്തിലാക്കും.
• കൊച്ചി കോർപ്പറേഷനിലെ മുഴുവൻ സേവനങ്ങളും മൂന്നു മാസത്തിനകം ഓൺലൈനാക്കും
• സിറ്റി ഗ്യാസ് പദ്ധതി നഗരത്തിൽ വ്യാപകമാക്കുന്നതിന് പ്രത്യേക യോഗം
• 1500 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതി വേഗത്തിലാക്കും
• തമ്മനം പുല്ലേപ്പടി റോഡ് യാഥാർത്ഥ്യമാക്കും.
• തേവര പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ വികസന പ്രവർത്തനങ്ങളും ഊർജിതമാക്കും.