1
കോക്കേഴ്സ് തിയേറ്റർ

ഫോർട്ട് കൊച്ചി: പാട്ട കാലാവധി തീർന്നതിനെ തുടർന്ന് സ്വകാര്യ വ്യക്തിയിൽ നിന്ന് നാല് വർഷം മുമ്പ് നഗരസഭ ഏറ്റെടുത്ത ഫോർട്ട്കൊച്ചിയിലെ കോക്കേഴ്സ് തിയേറ്റർ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി പരാതി. പൂട്ടി കിടക്കുന്ന തിയേറ്ററിന്റെ വളപ്പ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയാണ്. തിയേറ്ററിന്റെ വാതിൽ തകർത്ത് ലഹരി മരുന്ന് സംഘം ഉൾപെടെ ഇവിടെ കേന്ദ്രീകരിക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും താമസക്കാർക്കുമൊക്കെ ഇവിടെ തമ്പടിക്കുന്ന ക്രിമിനൽ സംഘം ഭീഷണിയായി മാറുകയാണ്. തിയേറ്ററിന് സമീപം ഒരു ഹാൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കല്യാണം ഉൾപെടെയുള്ള പരിപാടികൾ നടക്കുമ്പോൾ ഇത്തരം ക്രിമിനൽ സംഘം ഒരു ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം സംഘത്തിൽപ്പെട്ടവർ തമ്മിൽ സംഘർഷമുണ്ടാകുകയും സമീപത്തെ പച്ചക്കറി കടയിൽ നിന്ന് കത്തി എടുത്ത് കൊണ്ട് പോകുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തിയപ്പോഴേക്കും തിയേറ്ററിന്റെ പിറക് വശത്ത് കൂടി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

പടിഞ്ഞാറൻ കൊച്ചിയിലെ സാധാരണക്കാർ കുറഞ്ഞ നിരക്കിൽ സിനിമ കണ്ടിരുന്ന തിയേറ്റർ നാല് വർഷം മുമ്പാണ് നഗരസഭ ഏറ്റെടുത്തത്. അന്ന് അത്യാധുനിക സംവിധാനത്തോടെയുള്ള തിയേറ്ററും ഷോപ്പിംഗ് മാളും നിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. നഗരസഭയുടെ കൈവശമുള്ള ഭൂമി പാട്ടത്തിനെടുത്ത് സിനിമ നിർമാതാവായിരുന്ന ടി.കെ പരിക്കുട്ടിയാണ് തിയേറ്റർ നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം വിസ്താരമുള്ള തിയേറ്ററിന്റെ ആദ്യ പേര് സൈനയെന്നായിരുന്നു.പിന്നീട് സിയാദ് കോക്കർ ഏറ്റെടുത്തതോടെയാണ് കോക്കേഴ്സ് എന്ന പേര് വന്നത്. ടി.കെ പരീക്കുട്ടിയുടെ സ്മരണ നിലനിർത്താൻ ഇവിടെ ഉചിതമായ സ്മാരകം നിർമിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.ഒഴിഞ്ഞ് കിടക്കുന്ന തിയേറ്ററിലെ ക്രിമിനൽ സംഘങ്ങളുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്കാരിക വേദി തിയേറ്ററിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സമരം കെ.ബി സലാം ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ബഷീർ,സുജിത്ത് മോഹൻ,അയൂബ് സുലൈമാൻ,കെ.ബി ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഫോർട്ട്കൊച്ചി പൊലീസിന് ഇത് സംബന്ധിച്ച് പരാതിയും നൽകി.