jomon

കൊച്ചി: 11 സംസ്ഥാനങ്ങൾ. ഗ്രാമക്കാഴ്ചകൾ കണ്ട് അവരിലൊരാളായി താമസം. 1000 രൂപയും പിന്നെ വഴിയിൽ കിടത്താത്ത ഹെ‌ർക്കുലീസ് സൈക്കളിലും രാജ്യം ചുറ്റി തിരിച്ചെത്തിയ സന്തോഷത്തിലാണ് എറണാകുളം അയ്യപ്പൻകാവ് വളവിൽ വീട്ടിൽ ജോമോൻ ഓസ്റ്റിൻ. മഹാരാജാസ് കോളേജിലെ ചരിത്രവിദ്യാ‌ർത്ഥിയായിരുന്ന ഈ ഇരുപത്തിമൂന്നുകാരൻ ഇന്ത്യയുടെ ആത്മാവ് തേടിയിറങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. പാഠപുസ്തകത്തിലെ ചിരിത്രരേഖകൾ നേരിൽ കണ്ട് ഗ്രാമങ്ങളെ അടുത്തറിയുകയെന്ന അടങ്ങാത്ത ആഗ്രഹം. വൻതുക ചെലവാകുന്ന യാത്ര കൈയിലൊതുക്കാൻ ഒപ്പം കൂട്ടിയത് പഴഞ്ചൻ ഒരുസൈക്കിൾ. മാ‌ർച്ചിൽ തുടങ്ങിയ ചവിട്ട് അവസാനിച്ചത് സെപ്തംബ‌‌ർ 28നാണ്. ആകെ 196 ദിവസം.

കൊച്ചിയിൽ നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ജോമോന്റെ ആദ്യ സൈക്കിൾയാത്ര. മൂന്നാറിലും ഹെർക്കുലിസിൽ ചവിട്ടിയെത്തി. ഇതിനു ശേഷം ഗുജാറാത്തിൽ എത്തിയപ്പോൾ രാജ്യം ലോക്ക്ഡൗണിലായി. ഇതോടെ അരപ്പട്ടിണിയിലായി സൈക്കിൾ ചവിട്ടിയുള്ള യാത്ര. ഗുരുദ്വാരകളും അമ്പലകളും ഒരുനേരത്തെ വിശപ്പകറ്റി. ഗ്രാമങ്ങളിലെ ആളുകൾ തങ്ങളിലൊരുവനായി കണ്ട് താമസവും ഭക്ഷണവും നൽകി. ഉച്ചയ്ക്ക് രണ്ട് മണിക്കൂർ പമ്പുകളിലും ധാബകളിലും വിശ്രമം. ഫോൺ ചാ‌‌‌ർജിംഗെല്ലാം അവിടെ നിന്ന്.രാജസ്ഥാനിലെത്തിയപ്പോൾ കാലാവസ്ഥമാറ്രം പനി പിടിപ്പിച്ചു. പക്ഷേ തോറ്റ് പിൻമാറാൻ തയ്യാറായില്ല. മഞ്ഞുപുതച്ച ലഡാക്കായിരുന്നു മനസിൽ. ഒടുവിൽ ജോമോൻ ഹെ‌ർക്കുലീസ് അവിടെയും എത്തിച്ചു.

പണമില്ലാത്തവ‌ർക്കും രാജ്യം ചുറ്റിക്കാണാൻ ഒരു സൈക്കിൾ മാത്രം മതിയെന്നാണ് ജോമോൻ പറുന്നത്. ഡിഗ്രിപൂർത്തിയാക്കി കുറച്ചുനാൾ വിവിധ ജോലികൾ ചെയ്തു സ്വരുക്കൂട്ടിയ പണം കൊണ്ടാണ് യാത്രക്കുള്ള സാധനസാമഗ്രികൾ വാങ്ങിയത്. നിരവധിപ്പേ‌ർ യാത്രയ്ക്ക് സഹായം നൽകിയിരുന്നതായി ജോമോൻ പറഞ്ഞു. തമിഴ്നാട് കടന്ന് ആന്ധ്രവഴി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കൂടി കണ്ടു മനസിലാക്കുകയാണ് അടുത്ത ലക്ഷ്യം. പിതാവ് ഓസ്റ്രിൻ. മാതാവ് റീത്ത. സഹോദരി ടെസി.

സൈക്കിൾ യാത്ര

• കേരള

• കർണാടക

• ഗോവ

• മഹാരാഷ്ട്ര

• ഗുജറാത്ത്‌

• രാജസ്ഥാൻ

• പഞ്ചാബ്

• ജമ്മു കശ്മീർ

• ലാഡഖ്

• ഹിമാചൽ പ്രദേശ്

• ചണ്ഡിഗഡ്,

സൈക്കളിൽ

• വാട്ട‌ർ ബോട്ടിൽ

• ലഘുഭക്ഷണങ്ങൾ

• ടെന്റ്

• മടിയെടുക്കുന്ന കിടക്ക

'കേരളത്തിൽ നിന്ന് വരികയാണെന്നും യാത്ര ഉദ്ദേശ്യമടക്കം പറയുമ്പോൾ മറ്റ് സംസ്ഥാനക്കാ‌ർ ചേ‌ർത്തുനിർത്തി. ഒരുപാടുകാര്യങ്ങൾ പഠിക്കാൻ സാധിച്ചു.

ജോമോൻ ഓസ്റ്റിൻ