കൊച്ചി: ദേശീയ പാത 66 വികസനത്തിനായി ഇടപ്പള്ളി - മൂത്തകുന്നം ആറുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഏറ്റവും കൂടിയ നഷ്ട പരിഹാരം സെന്റിന് 40,92,986 രൂപ. ഇടപ്പള്ളി നോർത്ത് വില്ലേജിലെ ഭൂമിക്കാണ് ഈ തുക ലഭിക്കുക.
കെട്ടിടവും വ്യാപാര സ്ഥാപനങ്ങളും ഒഴിഞ്ഞു കൊടുക്കുമ്പോൾ നഷ്ടപരിഹാരത്തിന് പുറമേ പ്രത്യേക ഇളവുകളും പാക്കേജിലുണ്ട്.
മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതി മുമ്പാകെയാണ് നഷ്ടപരിഹാര പാക്കേജ് അവതരിപ്പിച്ചത്.
എട്ട് വില്ലേജുകളിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. ആറു പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് ഈ പരിധിയിലുള്ളത്.
തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർ ഇതിനായി പ്രത്യേക യോഗം വിളിക്കും. യോഗത്തിൽ ഹൈബി ഈഡൻ എം.പി., എം. എൽ.എ മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, സബ് കളക്ടർ വിഷ്ണു രാജ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ജെ. ബാലചന്ദർ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസ്ഥകൾ
• നഷ്ടപരിഹാര തുക അനുവദിച്ച ശേഷം കെട്ടിടം ഒഴിയുന്നതിന് രണ്ടു മാസം വരെ സമയം ലഭിക്കും.
• കെട്ടിടത്തിൽ നിന്നും ഉപയോഗ്യമെന്ന് തോന്നുന്ന ഏതു സാമഗ്രികളും ഉടമകൾക്ക് എടുക്കാം.
• വീടുകൾ പൂർണമായും നഷ്ടമാകുന്നവർക്ക് 50 സ്ക്വയർ മീറ്റർ വീടോ 1,50,000 രൂപയോ ലഭിക്കും.
• കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് 12 തവണ 3000 രൂപ വീതം നൽകും. പട്ടിക വിഭാഗത്തിലുള്ള കുടുംബമാണെങ്കിൽ 50,000 രൂപ അധികം നൽകും.
• സാധനങ്ങൾ മാറ്റുന്നതിന് 50,000 രൂപ ഒറ്റത്തവണ സഹായമായും നൽകും.
• തൊഴുത്ത്, പെട്ടിക്കടകൾ എന്നിവ പൊളിച്ചു മാറ്റുമ്പോൾ 25,000 രൂപ ധനസഹായം നൽകും.
• കരകൗശല, ചെറുകിട വ്യാപാരികൾക്ക് 25,000 രൂപ ചെലവിനത്തിലും 50,000 രൂപ അലവൻസായും നൽകും.
• ഈ രീതിയിൽ വീട് നഷ്ടപ്പെടുന്നവർക്ക് 2,86,000 രൂപയാണ് നഷ്ടപരിഹാരത്തിന് പുറമെ ലഭിക്കുക.
• പുറമ്പോക്കിൽ താമസിക്കുന്നവർക്ക് 1,50,000 രൂപയാണ് നൽകുക.
• സർവീസ് റോഡുകൾക്ക് ശേഷം സ്ഥലമുള്ളവർക്ക് അവിടെ വീടോ ചെറുകിട വ്യാപാര സ്ഥാപനങ്ങളോ നിർമ്മിക്കുന്നതിന് മറ്റ് വ്യവസ്ഥകൾ ബാധകമാകില്ല.
• ദേശീയ പാതയിലെ കുടിവെള്ള പൈപ്പ് ലൈനുകളും ഓടകളും ദേശീയ പാത അതോറിറ്റി നിർമിച്ച് നൽകും.