house

നെടുമ്പാശേരി: കാൽ നൂറ്റാണ്ടിലേറെയായി ഭൂമിയ്ക്ക് രേഖകളൊന്നുമില്ലാതെ നെടുമ്പാശേരി പഞ്ചായത്തിലെ മള്ളുശേരി പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന 35 ഓളം കുടുംബങ്ങൾക്ക് ആശ്വാസം. പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയിൽ അർഹരായവർക്ക് പട്ടയം നൽകാൻ തഹസിൽദാർക്ക് നടപടി സ്വീകരിയ്ക്കാവുന്നതാണെന്നും ലക്ഷം വീട് പദ്ധതിയിൽ പട്ടയം നൽകുന്ന നടപടിക്രമങ്ങൾ സ്വീകരിയ്ക്കാവുന്നതാണെന്നും ജില്ലാ കളക്ടർ ആലുവ തഹസിൽദാർക്ക് ഉത്തരവ് നൽകി.

ഗ്രാമീണ ഭൂരഹിത തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം ഭൂമി ലഭിച്ചവർക്കാണ് വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനമാകുന്നത്. നെടുമ്പാശേരി പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയ്ക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് തടസമുന്നയിച്ചതിനെ തുടർന്നാണ് കുടുംബങ്ങൾക്ക് ഇതുവരെ പട്ടയം ലഭിയ്ക്കാതിരുന്നത്. സി.പി.എം നേതൃത്വത്തിൽ കോളനി നിവാസികൾ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് നിവേദനം നൽകിയതിനെ തുടർന്ന് അടിയന്തര പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി കോളനിവാസികൾ

25 വർഷത്തിലേറെ നീണ്ട കാലത്തെ കാത്തിരിപ്പിന് പരിഹാരം കണ്ടെത്താൻ ഇടപെട്ട മന്ത്രി എം.വി. ഗോവിന്ദന് നന്ദി രേഖപ്പെടുത്തി കോളനിവാസികൾ. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും കോളനി നിവാസികൾ ആവശ്യപ്പെട്ടു.