കോലഞ്ചേരി: സ്കൂളുകൾ തുറക്കാൻ നടപടികൾ പുരോഗമിക്കുമ്പോൾ ബസുകളുടെ ഓട്ടം ആശങ്കയിൽ തന്നെ. രണ്ടു വർഷത്തോളമായി ഓടാതെ കിടന്നതോടെ നിരത്തിലിറക്കാൻ വയ്യാത്ത അവസ്ഥയാണ് പല ബസുകളും. ഇനി ഭീമമായ തുക ചെലവഴിച്ചാൽ മാത്രമേ നിരത്തിലിറക്കാൻ സാധിക്കൂ. എയ്ഡഡ് സ്‌കൂളുകൾ മുതൽ സർക്കാർ സ്‌കൂളുകൾ വരെ സമാനപ്രതിസന്ധിയാണ് നേരിടുന്നത്. വാഹനങ്ങളുടെ ബാറ്ററിയും ടയറുകളും നശിച്ചു. അനങ്ങാതെ കിടക്കുന്ന ബസുകൾ അനക്കിയെടുക്കാൻ ലക്ഷങ്ങൾ മുടക്കണം. കൂടാതെ ടാക്‌സ്, ഇൻഷ്വറൻസ് എന്നിവ അടയ്ക്കുന്നതിന് ഭാരിച്ച തുകയും വരും. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമെടുക്കണം. അതിനിടെ ഒരു സീറ്റിൽ ഒരുകുട്ടി എന്ന കൊവിഡ്കാല നിർദേശവും കൂനിൻമേൽ കുരുവായിരിക്കുന്നു.
യു.പി സ്കൂളുകളിലെ ബസുകൾക്ക് സീറ്റുകളുടെ ഇരട്ടി കുട്ടികളെ കയറ്റാനുള്ള പെർമിറ്റാണുള്ളത്. 33 സീറ്റിൽ 66 കുട്ടികളെ കയറ്റാനാണ് അനുമതി. 66 പെർമിറ്റിൽ 80 കുട്ടികളെവരെ കയറ്റിയാണ് പല ബസുകളും സർവീസ് നടത്തിയിരുന്നത്. കുട്ടികളിൽനിന്ന് 500 മുതൽ 1000രൂപവരെ ശരാശരി ഒരു മാസം ലഭിക്കുന്നിടത്ത് വരവ് പകുതിയായാൽ ബസുകൾ ഓടിക്കാൻ കഴിയില്ല. ദിവസം ഒരുട്രിപ്പിന് പകരം രണ്ടുട്രിപ്പ് ഓടിക്കേണ്ടിവന്നാൽ ഫീസ് ഇരട്ടിയാക്കേണ്ടി വരും. ഇനി അതല്ല മാസത്തിൽ പകുതി ദിവസം ക്ലാസിലെത്തുന്ന കുട്ടിയോട് ഒരു മാസത്തെ മുഴുവൻ ഫീസ് വേണമെന്ന് പറഞ്ഞാൽ രക്ഷിതാക്കൾ സമ്മതിക്കാനും ഇടയില്ല. വലിയ തുക മുടക്കി 5 മാസം മാത്രം ശേഷിക്കുന്ന സ്‌കൂൾ കാലയളവിലേക്ക് ബസ് നിരത്തിലിറക്കുന്നത് നഷ്ടമാണെന്ന വാദവുമുണ്ട്.
ചെലവുതുക എങ്ങനെ കണ്ടെത്തും
സി.ബി.എസ്.ഇ സ്‌കൂളുകളിൽ കൂടുതലിടത്തും സ്‌കൂളുകൾ തന്നെയാണ് ബസുകളുടെ ഉടമകൾ. ചുരുക്കം ചില സർക്കാർ സ്‌കൂളുകളിലാണ് സ്‌കൂൾബസ് സൗകര്യമുള്ളത്. ഇത് എം.എൽ.എ ഫണ്ടിൽനിന്നോ വിവിധ വ്യക്തികളോ കമ്പനികളോ സാംസ്‌കാരിക സംഘടനകളോ നൽകിയ ബസുകളായിരിക്കും. ബസിന്റെ അറ്റകുറ്റപ്പണികളും ജീവനക്കാരുടെ വേതനവുമെല്ലാം സ്‌കൂൾ പി.ടി.എയാണ് വഹിക്കുന്നത്. പരിമിതമായ ഫണ്ട് മാത്രമുള്ള പ്രൈമറി സ്‌കൂളുകളിൽ എങ്ങനെ തുക കണ്ടെത്തുമെന്നാണ് ഭാരവാഹികളുടെ ആശങ്ക. സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുമായി സഹകരിച്ചാണ് ബസിന്റെ പ്രവർത്തനത്തിനുള്ള തുക പി.ടി.എ കണ്ടെത്താറുള്ളത്. ഇത്തവണ അതും സാധിക്കില്ല. സ്കൂൾ തുറക്കുമ്പോൾ ബസുകൾ എങ്ങനെ നിരത്തിലിറക്കും എന്നത് ആശങ്കയായി തന്നെ തുടരുന്നു