കൊച്ചി: ഒന്നര വർഷം ആളും അനക്കവുമില്ലാതിരുന്ന കലാലയങ്ങൾ ഉണർന്നു. ഇനി പഠനകാലം. അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാർത്ഥികളും മൂന്ന്, നാല് സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികളുമാണ്കോളേജുകളിലെത്തിയത്.
ആറു മാസത്തിനകം ക്ലാസുകൾ അവസാനിക്കുന്നവരും കോളേജുകളിലെത്താതെ പഠനം പൂർത്തിയാക്കിയ രണ്ടാം വർഷ വിദ്യാർത്ഥികളും പ്രാക്ടിക്കൽ പരീക്ഷകളുടെ തിരക്കിലാണ്. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളായ മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ്, തേവര എസ്.എച്ച്. കോളേജ്, ഭാരത് മാതാ കോളേജ് തൃക്കാക്കര എന്നിവിടങ്ങളിൽ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചാണ് ക്ലാസുകൾ നടന്നത്. മറ്റുള്ളവർക്ക് ഓൺലൈനായി ലൈവ് ക്ലാസുകൾ നൽകി. കൂടുതൽ വിദ്യാർത്ഥികളുള്ള ക്ലാസുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താനാണ് തീരുമാനം. പല കോളേജുകളിലും സെമിനാർ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ ക്ലാസ് മുറികളാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ എത്താനാവും. ഹോസ്റ്റലുകളുടെയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ആഹ്ലാദത്തിന് അതിരില്ല
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദ്ദേശമുണ്ടെങ്കിലും സന്തോഷ ലഹരിയിലാണ് വിദ്യാർത്ഥികൾ. അദ്ധ്യാപകർക്കും കുട്ടികളെ നേരിട്ടു കണ്ടതിലുള്ള ആഹ്ലാദമുണ്ട്. ഓൺലൈനായി പൂർത്തിയാക്കിയ പാഠങ്ങളിലെ വിദ്യാർത്ഥികളുടെ സംശയ നിവാരണം വലിയ കടമ്പയാവുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ. വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ധ്യാപകരടങ്ങിയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഈ മാസം 18ന് കോളേജുകൾ പൂർണമായും തുറക്കും.
വിദ്യാർത്ഥികൾ സന്തോഷത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ. ഇപ്പോൾ പി.ജി വിദ്യാർത്ഥികളുടെ ലാബ് പുരോഗമിക്കുകയാണ്. ലാബുകളിൽ വിദ്യാർത്ഥികൾക്ക് സാമൂഹ്യ അകലം പാലിക്കാനുള്ള സൗകര്യമില്ലെങ്കിൽ തന്നെയും മാസ്‌കുകൾ ധരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂലി ചന്ദ്ര
അദ്ധ്യാപിക
കെമിസ്ട്രി വിഭാഗം
മഹാരാജാസ് കോളേജ്
കലാലയങ്ങൾ ഇപ്പോഴെങ്കിലും ആരംഭിച്ചതിൽ സന്തോഷമുണ്ട്. ഇനി ആറു മാസം കൂടിയെ അദ്ധ്യയനദിനങ്ങൾ ഉള്ളൂ. അതുകൊണ്ടു തന്നെ കോളേജിന്റെ ഓളം ആസ്വദിക്കാൻ സാധിക്കാത്തതിനാൽ ഒന്നര വർഷം നഷ്ടമായതിൽ നിരാശയുണ്ട്. വീണ്ടും കോളേജ് പഴയപോലെയാവുമെന്നത് സന്തോഷം നൽകുന്നു.അഞ്ജിമ
വിദ്യാർത്ഥിനി
രണ്ടാം വർഷ പി.ജി. കെമിസ്ട്രി
മഹാരാജാസ്