cruise-ship

 കൊവിഡിന് ശേഷമുള്ള രണ്ടാമത്തെ ആഡംബര കപ്പൽ നാളെ കൊച്ചിയിൽ

 ആഭ്യന്തര ടൂറിസം മേഖലയ്ക്ക് ഉണർവാകും

കൊച്ചി: കൊവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷൻ ഉഷാറാവുകയും ചെയ്‌തതോടെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് സമ്മാനിക്കാൻ കൂടുതൽ ക്രൂസ് കപ്പലുകളെത്തുന്നു. ആഭ്യന്തര ക്രൂസ് ഷിപ്പിംഗ് കമ്പനിയായ കോർഡേലിയ, 15 ഉല്ലാസ കപ്പലുകളുടെ സഞ്ചാരപാതയിൽ കൊച്ചിയെയും ഉൾപ്പെടുത്തി. 2022 മാർച്ച് വരെയുള്ള ചാർട്ടാണിത്.

ജനുവരി ആദ്യത്തോടെ വിദേശ ക്രൂസ് കപ്പലുകളും കൊച്ചിയിൽ എത്തിയേക്കും. കൊവിഡിന് ശേഷമുള്ള രണ്ടാമത്തെ ആഡംബര കപ്പൽ നാളെ കൊച്ചിയിലെത്തും. 250 യാത്രക്കാരുമായി എം.വി ഇംപ്രസാണ് വരുന്നത്. 400ലധികം സഞ്ചാരികൾ കൊച്ചിയിൽ നിന്ന് തുടർയാത്രയുടെ ഭാഗമാകും. കൊവിഡിന് മുമ്പ് പ്രതിവർഷം 52 ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ എത്തിയിരുന്നത്. ഇതിലൂടെ കോടികളുടെ വരുമാനം ടൂറിസം മേഖല നേടിയിരുന്നു.

അഞ്ച് പാക്കേജുകൾ

ബേസ് (താഴെ തട്ടി​ൽ), ഓഷ്യൻ വ്യൂ, ബാൽക്കണി​, സ്വീറ്റ് റൂം, ചെയർമാൻ സ്വീറ്റ് എന്നിങ്ങനെ മുറി​കളുടെ സൗകര്യമനുസരി​ച്ച് അഞ്ചുതരം യാത്രാ പാക്കേജാണ് കോർഡേലി​യയ്ക്കുള്ളത്. ഒരാൾക്ക് 19,000 രൂപ മുതൽ 1,81,500 രൂപ വരെയാണ് കൊച്ചിയിൽ നിന്നുള്ള നി​രക്ക്.

യാത്രാ പദ്ധതി​കൾ

(രണ്ടുമുതൽ അഞ്ചുരാത്രി വരെയുള്ളതാണ് പാക്കേജുകൾ)

 മുംബയ് - ഗോവ - മുബയ്

 മുംബയ് - ദി​യു - മുംബയ്

 മുംബയ് - സമുദ്രം - മുംബയ്

 കൊച്ചി​ - ലക്ഷദ്വീപ് - മുംബയ്

 മുംബയ് - ലക്ഷദ്വീപ് - മുംബയ്

 ഗോവ - മുംബയ് - ലക്ഷദ്വീപ് - ഗോവ

 ചെന്നെെ - കൊളംബോ
 ചെന്നൈ - ജാഫ്ന - ചെന്നൈ

 ചെന്നൈ- കൊളംബോ - ട്രി​ങ്കോമാലി​- ചെന്നൈ

കോർഡേലി​യ ക്രൂസ്

 രജി​സ്ട്രേഷൻ : ബഹാമാസ്

 ക്ളാസ് : എംപ്രസ് ക്ളാസ്

 നീളം : 210.81 മീറ്റർ

 ഡെക്കുകൾ : 9 പാസഞ്ചർ

 വേഗത : മണി​ക്കൂറി​ൽ 36 കി​.മി​.

 യാത്രി​കർ : 1840

 ജീവനക്കാർ : 668