കൊച്ചി: പാട്ടവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. 1976ൽ എറണാകുളം അഗ്രി. ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയ ജില്ലാ കോടതിക്ക് സമീപമുള്ള എറണാകുളം വില്ലേജിൽ ഉൾപ്പെട്ട അഞ്ചു സെന്റ് സ്ഥലമാണ് പാട്ടത്തുക അടയ്ക്കാത്തതിനേത്തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ്, ഭൂരേഖാ തഹസീൽദാർ മുസ്തഫ കമാൽ, വില്ലേജ് ഓഫീസർ എൽ. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർക്കാരിലേക്ക് ഏറ്റെടുത്തത്.
പാട്ടവ്യവസ്ഥ ലംഘിക്കുകയും സമീപത്തുള്ള അഞ്ച് സെന്റ് സർക്കാർ പുറമ്പോക്ക് കൈയേറുകയും ചെയ്തതിനാൽ കേരള ഭൂസംരക്ഷണ നിയമ പ്രകാരം നോട്ടീസ് നൽകിയാണ് ഭൂമി എറ്റെടുത്തത്. പാട്ടത്തിന് നൽകിയ ഭൂമി പതിച്ചു കിട്ടുന്നതിനുള്ള സ്ഥാപനത്തിന്റെ അപേക്ഷ നേരത്തെ സർക്കാർ നിരസിച്ചിരുന്നു. പാട്ടവ്യവസ്ഥ ലംഘിച്ച നഗരത്തിലെ എല്ലാവരിൽ നിന്നും കുടിശ്ശിക ഈടാക്കാനും തുക അടച്ചില്ലെങ്കിൽ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസിൽദാർമാരായ സി.സോയ, സുരേഷ് കുമാർ, പോൾ കെ. പി, റവന്യൂ ഉദ്യോഗസ്ഥനായ ഡിവൈൻ ബനഡിക്ട് എന്നിവർ സന്നിഹിതരായിരുന്നു.


 സാധനങ്ങൾ മാറ്റും

നിരവധി ചാരിറ്റി പ്രവർത്തനങ്ങളുമായി നടത്തുന്ന സൊസൈറ്റിയുടെ സാധനങ്ങൾ ഉൾപ്പടെ ഇവിടെ നിന്ന് മാറ്റും. 1976ൽ അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന ഉപ്പിലിയപ്പന്റെ നിർദ്ദേശപ്രകാരമാണ് സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ കളക്ടർ സൊസൈറ്റി ഭരണസമിതിയുടെ പ്രസിഡന്റും ജി.സി.ഡി.എ, കോർപറേഷൻ ജില്ലാ കൃഷി വകുപ്പ് ഡയറക്ടർ എന്നിവർ സൊസൈറ്റിയുടെ അംഗങ്ങളുമാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമേ വൈറ്റില ഹൈവേ, സുഭാഷ് പാർക്ക്, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ സൗന്ദര്യവൽക്കരണവും സൊസൈറ്റി ചെയ്തിരുന്നു.