അങ്കമാലി: സേവനം അവകാശമാണ് ഔദാര്യമല്ലെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വാതിൽപ്പടി സേവനങ്ങൾക്കായി നഗരസഭയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. ചെയർമാൻ മുഖ്യ ചുമതലക്കാരനായി നഗരസഭയിലും സമാനമായി വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. വിവിധ വകുപ്പുകളിലെ സന്നദ്ധ പ്രവർത്തകർ, പൊലീസ് ഉൾപ്പെടെ 180 അംഗ നഗരസഭാതല കമ്മിറ്റിയും വാർഡിൽ നിന്നുള്ള നൂറംഗ കമ്മിറ്റികളിലെ അംഗങ്ങൾക്കും കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഒാരോ പദ്ധതികളുടെ നടത്തിപ്പിനും സർക്കാരിന്റെ നിർദ്ദേശങ്ങളുണ്ട്. ഇതോടെ സർക്കാരിന്റെ സേവനങ്ങൾ സന്നദ്ധപ്രവർത്തകർവഴി വീടുകളിലേക്ക് നേരിട്ടെത്തും. കില റിസോഴ്സ് പേഴ്സൺമാരായ പി. ശശി, എ.എസ്. ഹരിദാസ്, എം. മുകേഷ്, കെ.കെ. വിജയപ്രകാശ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.