വൈപ്പിൻ: ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ഹൗസ് ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച നൂറ്റമ്പതാമത് സ്‌നേഹത്തണൽ വീടിന്റെ താക്കോൽദാനം പുതുവൈപ്പ് പ്രണവംനഗറിൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു.
പെൺമക്കൾ മാത്രമുള്ള വിധവകൾ, രോഗികൾ എന്നിവർക്ക് വീട് നിർമ്മിച്ചുനൽകുന്നതിന് ലക്ഷ്യമിട്ട് സിസ്റ്റർ ലിസിയും സഹഅദ്ധ്യാപിക ലില്ലിപോളും ചേർന്ന് തുടക്കമിട്ട പദ്ധതിയിൽ ഇത്രയും വീടുകൾ നിർമ്മിച്ചു നൽകാനെടുത്തത് ഏഴുവർഷം മാത്രം. പുതുവൈപ്പിൽ രഞ്ജൻ വർഗീസ് വിട്ടുനൽകിയ 72 സെന്റ് ഭൂമിയിൽ നിർമ്മിച്ച പന്ത്രണ്ടാമത്തെ വീട്ടിലാണ് പ്രീത പ്രദീപിന് സ്‌നേഹത്തണൽ ഒരുക്കിയത്.
രാജഗിരി എൻജിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജെയ്‌സൺ മുളേരിക്കൽ സന്ദേശം നൽകി. വാർഡ് അംഗം ലിഗീഷ് സേവ്യർ, ബേബി മറൈൻ ഇന്റർനാഷണൽ എം.ഡി രൂപാജോർജ്, വിസ്മയ ഗ്രൂപ്പ് എം.ഡി പോൾ ജോർജ്, ഹൗസ് ചലഞ്ച് കോ ഓർഡിനേറ്റർ ലില്ലി പോൾ, അദ്ധ്യാപക പ്രതിനിധികളായ റോജി സുമിത്ത്, ഡൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.