കൊച്ചി: പെട്ടിമുടിയിൽ ദുരന്തത്തിനിരയായവർക്ക് വാസയോഗ്യമായ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ദുരന്തത്തിനിരയായ പി. ഷൺമുഖനാഥൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ 26 നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. ദുരന്തത്തിനിരയായവർക്ക് കുറ്റ്യാർവാലിയിൽ വാസയോഗ്യമല്ലാത്ത സ്ഥലമാണ് അനുവദിച്ചതെന്നും ഇതിനു പകരം കണ്ണൻദേവൻ പ്ളാന്റേഷന്റെ കൈവശമുള്ള മിച്ചഭൂമി തങ്ങൾക്ക് പതിച്ചു നൽകണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. 2020 ആഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 70 പേരാണ് മരിച്ചത്.