മൂവാറ്റുപുഴ: കുടിവെള്ളം മുടങ്ങി മാസങ്ങളായി ജനങ്ങൾ ദുരിതത്തിലായതിന് പരിഹാരമൊരുക്കി മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഇടപെടൽ. പമ്പിംഗ് എത്ര നടത്തിയാലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താതെ ജനങ്ങൾ ദുരിതത്തിലായതോടെയാണ് പരിഹാരംതേടി എം.എൽ.എ മന്ത്രി റോഷി അഗസ്റ്റിനെ ബന്ധപ്പെട്ട് ഉടൻ പ്രശ്ന പരിഹാരത്തിന് വഴി തേടിയത്. കിഴക്കേക്കര, കാനംകവല, കുന്നപ്പിള്ളിമല, ആശ്രമം ടോപ്പ് എന്നിവിടങ്ങളിലാണ് കുടിവെള്ളമില്ലാതെ ജനം ദുരിതത്തിലായത്. പമ്പിംഗ് എത്ര നടത്തിയാലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയിരുന്നില്ല. കാലപ്പഴക്കം ചെന്ന പൈപ്പിലെ ചോർച്ചയെത്തുടർന്ന് ഭൂമിക്കടിയിലൂടെ വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനെ തുടർന്നാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താതിരുന്നത്. എം.എൽ. എ മന്ത്രി റോഷിഅഗസ്റ്റിനുമായി ബന്ധപ്പെട്ട് ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തുടർന്ന് ജലസേചനവകുപ്പ് സെക്രട്ടറി ടി.കെ. ജോസിന്റെ നിർദ്ദേശപ്രകാരം പൈപ്പിലെ ചോർച്ചകണ്ടെത്തുന്നതിനായി ലീക്ക് ഡിറ്റക്ഷൻ യുണിറ്റ് മൂവാറ്റുപുഴയിലെത്തിച്ചു. പ്രശ്നം പരിഹരിക്കുന്നതോടെ മുഴുവൻ പ്രദേശത്തും വെള്ളമെത്തുമെന്ന് അധികൃതർ അറിയിച്ചു.
മൂവാറ്റുപുഴയ്ക്ക് ജൽജീവൻപദ്ധതി
നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
കുടിവെള്ളത്തിനായി മൂവാറ്റുപുഴയ്ക്ക് ജൽജീവൻ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ള പ്രശ്നം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ നിവേദനത്തെത്തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയുടെ ആദ്യസ്ലോട്ടിൽ മൂവാറ്റുപുഴയെ ഉൾപ്പെടുത്തും. പദ്ധതി നടപ്പിലാക്കുംവരെ ഉയർന്ന പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടി കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. പദ്ധതിയുടെ പ്രയോജനം മൂവാറ്റുപുഴ മണ്ഡലത്തിൽ പൂർണമായി ലഭ്യമാക്കി കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.