കൊച്ചി: തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയയാളെ അടിക്കുകയും വിലങ്ങണിയിച്ച് പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടുണ്ടായിട്ടും അവർ സർവീസിൽ തുടരുന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് ഹൈക്കോടതി. മർദ്ദനത്തിനിരയായ ഉറുകുന്ന് ഇന്ദിരനഗർ രജനിവിലാസത്തിൽ രാജീവിന്റെ ഹർജിയിൽ ആരോപണ വിധേയരായ സി.ഐ. വിശ്വംഭരൻ, എസ്.ഐ. ശാലു എന്നിവർ സർവീസിൽ തുടരുന്നതിനെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചത്. നൽകിയ പരാതിക്ക് രസീതു ചോദിച്ച രാജീവിനെ ചൂരൽ കൊണ്ട് അടിച്ചെന്നും സ്റ്റേഷനിലെ കൈവരിയിൽ വിലങ്ങിട്ടു പൂട്ടിയെന്നും അന്വേഷണം നടത്തി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതു ചിന്തിക്കാൻ പോലുമാവാത്തത്ര കാടത്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഒരു ബന്ധു ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനെതിരെ ഫെബ്രുവരി മൂന്നിനാണ് രാജീവ് പരാതി നൽകാൻ സ്റ്റേഷനിലെത്തിയത്. ഹർജി ഒക്ടോബർ 22 നു വീണ്ടും പരിഗണിക്കും.