മൂവാറ്റുപുഴ: ഉത്തർപ്രദേശിൽ ബി.ജെ.പി മന്ത്രിമാർക്ക് നേരെ പ്രതിഷേധിക്കാനെത്തിയ കർഷക പ്രക്ഷോഭകർക്ക് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റിയും വെടിയുതിർത്ത് കർഷകരെ കൊലചെയ്തതിലും പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എസ്തോസ് ഭവനിൽനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ കർഷക സംഘം ജില്ല ജോയിന്റ് സെക്രട്ടറി കെ.എൻ.ജയപ്രകാശ്, സി.പി.എം ഏരിയ കമ്മറ്റി അംഗം സജി ജോർജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം.ഇബ്രാഹിം, സി.ഐ.ടി.യു. ഏരിയാ ജോയിന്റ് സെക്രട്ടറി കെ.ജി.അനിൽ കുമാർ ,കർഷക സംഘം വില്ലേജ് സെക്രട്ടറി മാരായ പി.ബി.അജിത് കുമാർ, എം.കെ.ദിലീപ് എന്നിവർ സംസാരിച്ചു.