gh

കൊച്ചി: ഒറ്റനോട്ടത്തിൽ ജൈവവളം. കൃഷിഭവൻ കേന്ദ്രീകരിച്ച് ഇടപാട്. പിന്നെ, ആരെയും വീഴ്ത്തുന്ന ഉടമകളുടെ വാക്ചാതുരി. ലൈസൻസില്ലാത്ത വിവരം മറച്ചുവച്ച് ഇടുക്കിയിലെ സ്വകാര്യ സംഘത്തിന്റെ ജൈവവള വിതരണ ഫ്രാഞ്ചൈസികളെടുത്ത് കുടുങ്ങിയത് 350ലേറെപ്പേർ. അഞ്ച് ലക്ഷം രൂപ ഈടാക്കിയാണ് സ്ഥാപനം വളം വിതരണത്തിന്റെ വില്പനാവകാശം കൈമാറിയത്. ഒപ്പം വളവും നൽകി. വിറ്രുവരവിന്റെ 60 ശതമാനമായിരുന്നു ഉറപ്പ്. അംഗീകൃത വളം വില്പനക്കാ‌രുടെ പരാതിയിൽ കൃഷിവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിന് ലൈൻസില്ലെന്ന് കണ്ടെത്തിയത്. തുട‌ർന്ന് കൃഷിവകുപ്പ് വില്പനയടക്കം നി‌‌ർത്തിവയ്ക്കാൻ നി‌ർദേശം നൽകി. ഇതോടെയാണ് ലക്ഷങ്ങൾ മുടക്കി ഫ്രാഞ്ചൈസികൾ എടുത്തവ‌ർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. കൊവിഡിനെ തുട‌ർന്ന് ജോലി നഷ്ടപ്പെട്ടെത്തിയ പ്രവാസികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ജില്ലയിൽ 56 ഫ്രാഞ്ചൈസികൾ ഇവ‌ർ നൽകിയിട്ടുണ്ട്. സംഭവത്തിൽ ഒരാൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സ‌‌ർക്കാരുടെ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വളം വില്ക്കാൻ അനുമതിയുള്ളൂ. രാജാക്കാട് സംഘത്തിലെ വളം വില്പന ശ്രദ്ധയിൽപ്പെട്ടതോടെ അംഗീകൃത വളം വ്യാപാരികൾ ഇക്കാര്യം കൃഷിവകുപ്പിനെയും സർക്കാരിനെയും അറിയിച്ചു. ഇപ്പോഴല്ല, നാല് വ‌ർഷം മുന്നേ.എന്നാൽ ആദ്യമൊന്നും കാര്യമായ നടപടിയൊന്നുമണ്ടായില്ല. കൂടുതൽ ഫ്രാഞ്ചൈസികൾ തുറന്നതോടെ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉത്പന്നങ്ങൾക്ക് ഗുണനിലവാരമില്ലെന്നതടക്കം വ്യാപാരികളുടെ സംഘടന പരാതിയിലൂടെ അറിയി​ച്ചിരുന്നു.

 ഇറക്കുമതി മുതൽ ഫ്രാഞ്ചൈസി വരെ

• വിറ്റിരുന്നത് തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബയോ വളം

• കൃഷിവകുപ്പ് അനുമതി കിട്ടിയത് ബയോവളത്തിന്റെ വിതരണത്തിന്

• ഏറെനാൾ രാജാക്കാട് സ്വകാര്യ സംഘം ഇറക്കുമതി വളം വിറ്രു

• പിന്നീട് ഫ്രാഞ്ചൈസി നൽകി വളം വിതരണത്തിലേക്ക് തിരിഞ്ഞു

• ഇടുക്കി ജില്ലാ കൃഷിഓഫീസ‌ർ സ്ഥാപനം റെയ്ഡ് ചെയ്ത് സ്റ്രോപ്പ്മെമ്പോ നൽകി

• ഇവിടെ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധനയ്ക്കയച്ചിരിക്കുകയാണ്

• ഫ്രാഞ്ചൈസികൾക്ക് ആറ് മാസം പ്രവൃത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്

അംഗീകാരമില്ലാത്ത വളം വാങ്ങിയ ക‌ർഷ‌രുടെ പല ചോദ്യങ്ങൾക്ക് മുന്നിലും വ്യാപാരികൾക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയായപ്പോഴാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഫ്രാഞ്ചൈസി നൽകി ആളുകളെ പറ്രിച്ച സ്ഥാപന ഉടമകളെ നിയമത്തിന് മുന്നിൽകൊണ്ടുവരണം.

വ‌‌ർഗീസ് തോമസ്

സംസ്ഥാന പ്രസിഡന്റ്

അഗ്രോ ഇൻപുട്ട്സ് ഡീലേഴ്സ് അസോസിയേഷൻ

 ജില്ലാ.............. ഫ്രാഞ്ചൈസികൾ

തിരുവനന്തപുരം : 49
കൊല്ലം :43
പത്തനംതിട്ട :33
കോട്ടയം :51
ഇടുക്കി :47
തൃശൂർ :29
പാലക്കാട് :37
മലപ്പുറം : 14
കോഴിക്കോട് :16
വയനാട് :7
കണ്ണൂർ : 40
കാസർകോട് :7