æ രണ്ടാം പ്രതിയെ വെറുതേ വിട്ടു
കൊച്ചി: ആലപ്പുഴ എരുവ സ്വദേശി കൊച്ചി നൗഷാദ് എന്നു വിളിക്കുന്ന നൗഷാദിനെ (37) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആലപ്പുഴ മുതുകുളം സ്വദേശി ശ്രീകുമാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തു വർഷം കഠിന തടവായി കുറച്ചു. രണ്ടാം പ്രതി കൊല്ലം സ്വദേശി മണിക്കുട്ടൻ എന്നു വിളിക്കുന്ന ജയരാജിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. 2013 മേയ് 23 നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ മോഷ്ടിച്ചെടുത്ത ബൈക്ക് വിൽക്കാൻ നൗഷാദ് വിസമ്മതിച്ചതിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൂവരും ചേർന്ന് മദ്യപിക്കുമ്പോൾ മോഷണത്തെക്കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് നൗഷാദ് ഭീഷണിപ്പെടുത്തി. തുടർന്ന് ശ്രീകുമാറും മണിക്കുട്ടനും ചേർന്ന് നൗഷാദിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആലപ്പുഴ അഡി. സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.