fg

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച മിത്ര 181 ഹെൽപ്‌ലൈൻ നമ്പ‌ർ കൊവിഡ് കാലത്തും തിരക്കിലാണ്. സംസ്ഥാനത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏത് സമയത്തും ആശ്രയിക്കാവുന്ന ടോൾ ഫ്രീ നമ്പറായ 181 ലൂടെ സഹായം ലഭിച്ചവർ നിരവധിയാണ്. 2017 മാർച്ചിലാണ് മിത്രയുടെ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചത്. ഗാർഹിക പീഡനം, പൊതുസ്ഥലത്തെ ശല്യംചെയ്യൽ. ഫോൺ വഴിയുള്ള അശ്ലീല സംഭാഷണം, പരസ്യ മദ്യപാനം, കുട്ടികളെ പീഡിപ്പിക്കൽ, സ്ത്രീകളെ കാണാതാകൽ തുടങ്ങിയ സുരക്ഷയും അന്തസും ചോദ്യംചെയ്യപ്പെടുന്ന ഏതു ഘട്ടത്തിലും സ്ത്രീകൾക്ക് മിത്രയെ ആശ്രയിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലാണ് മിത്ര 181ന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. വനിത ശിശു വികസന വകുപ്പിന്റെ കീഴിലാണ് പ്രവർത്തനം. പൊലീസിന്റെ സഹായവും മിത്രയ്ക്കുണ്ട്. അതിനാൽ സംസ്ഥാനത്തിന്റെ ഏത് കോണിൽനിന്ന് വിളിച്ചാലും ഉടനടി ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകി സഹായം നൽകാൻ കഴിയും. ഓരോ കോളിന്റെയും സ്വഭാവത്തിനനുസരിച്ചായിരിക്കും മിത്രയുടെ ഇടപെടൽ. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ടെലി കൗൺസിലിംഗും നൽകാറുണ്ട്. മിത്രയുടെ സഹായം തേടിയവർക്ക് പ്രശ്‌നപരിഹാരം കാണുന്നത് വരെ സഹായം ലഭ്യമാക്കും.

 2020 ജനുവരി മുതൽ 2021 ഓഗസ്റ്റ് വരെ മിത്രയിൽ എത്തിയ കോളുകളുടെ എണ്ണം- 47,152

 ഗാർഹിക പീഡനം-14,414

 സ്ത്രീകൾക്കെതിരെയുള്ള പീഡനവും ചൂഷണവും-5061

 സൈബർക്രൈം-809

 ലൈംഗിക കുറ്റകൃത്യങ്ങൾ-890

പോക്സോ കേസുകൾ-98

 കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ-687

മറ്റുവർഷങ്ങളിൽ വിളിച്ചവർ

2019- 19631

2018-26268

2017-11669

 പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചു

ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മിത്രയുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 2021 ജനുവരി മുതൽ ഇതുവരെയുള്ള കോളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളികൾ ഉൾപ്പടെ സഹായത്തിന് മിത്രയെ ആശ്രയിക്കാറുണ്ട്.

എം.എ.ദിവ്യ

മാനേജർ, മിത്ര കോൾ സെന്റർ മാനേജർ.