നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന ദുരിതമാകുന്നതായി പരാതി. പരിശോധനക്കുള്ള കൗണ്ടറുകൾ കുറവായതും ആവശ്യമായ സൗകര്യമില്ലാത്തതുമാണ് മുഖ്യപ്രശ്നം. സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, തിരക്കേറിയതിനാൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായുമാണ് പരാതി.

കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെ ജിദ്ദയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ കുടുംബം ആർ.ടി.പി.സി.ആർ പരിശോധന പൂർത്തിയാക്കി ഏഴ് മണിയോടെയാണ് വിമാനത്താവളം വിട്ടത്. 48 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാഫലം നൽകിയ ഹാജരാക്കിയ ശേഷമാണ് വിമാനത്തിൽ കയറുന്നത്. വിമാനത്തിൽ നിന്നിറങ്ങിയശേഷം നടത്തുന്ന പരിശോധന രോഗവ്യാപനത്തിന് വഴിയൊരുക്കും വിധമാണെന്നാണ് ആക്ഷേപം.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതോടെ വിമാനസർവീസുകൾ കൂടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണവും ഏറി. ഒരേസമയം വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി വിമാനങ്ങൾ കൊച്ചിയിലെത്തുന്നുണ്ട്. എന്നിട്ടും ആർ.ടി.പി.സി.ആർ പരിശോധനക്ക് കൂടുതൽ സൗകര്യമൊരുക്കുന്നില്ലെന്നാണ് പരാതി. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ തൊട്ടുരുമി നിൽക്കേണ്ട അവസ്ഥയാണെന്നും യാത്രക്കാർ പറയുന്നു.

 ഒരേസമയം 200 പേർക്ക് പരിശോധനാ സൗകര്യം

മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാൻഡോർ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേർന്നാണ് വിമാനത്താവളത്തിൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. മണിക്കൂറിൽ 200 പേരെ പരിശോധിക്കാം. പരിശോധനയ്ക്കായി 20 പ്രത്യേക കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. സൗജന്യമായാണ് പരിശോധന.

വിമാനസർവീസുകൾ കൂടുകയും യാത്രക്കാരുടെ എണ്ണമേറുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാകുന്നുണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്ന് സിയാൽ അധികൃതർ പറഞ്ഞു.