പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എലിപ്പനി, ഡെങ്കിപ്പനി എന്നിവ കണ്ടെത്തി. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ക്ഷീരകർഷകർ, മീൻ പിടിക്കാൻ പോകുന്നവർ എന്നിവർക്കാണ് പ്രതിരോധമരുന്നുകൾ നൽകി. ‘ഡോക്സിസൈക്ലിൻ’ എന്ന പ്രതിരോധമരുന്ന് പൊതുജനങ്ങൾക്കു താലൂക്ക് ആശുപത്രിയിൽ നിന്നും ലഭ്യമാകുമെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബോധവത്കരണവും ആശാ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങളുടെ പരിശീലനവും നൽകി.
നിലവിൽ രണ്ടുപേരാണ് എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒരാൾ നേരത്തെ മരണമടഞ്ഞു. 14 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വേറെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡെങ്കിപ്പനി തടയുന്നതിനായി ഉറവിടനശീകരണ പ്രവർത്തനം വീടുകളിൽ കാര്യക്ഷമമായി നടത്തണമെന്നും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റുപെരുകുന്ന സാഹചര്യം പൂർണമായി ഒഴിവാക്കണമെന്നും ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.