വൈപ്പിൻ: എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ എടവനക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലെ അമൃതം, പതിനൊന്നാം വാർഡിലെ ബാലസദനം, നായരമ്പലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ പ്രതിഭ എന്നീ അങ്കണവാടികളുടെ കെട്ടിടങ്ങൾ സാക്ഷാത്കാരത്തിലേക്ക്. മൂന്ന് കെട്ടിടങ്ങളുടെയും ശിലാസ്ഥാപനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മനാഫ് മനേഴത്ത് സൗജന്യമായി വിട്ടുനൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അമൃതം കെട്ടിടം നിർമ്മിക്കുന്നത്. ബാലസദനം അങ്കണവാടിക്ക് ഇദ്ദേഹം സ്ഥലം നൽകിയിട്ടുണ്ട്. ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അസീന അബ്ദുൾ സലാം, നീതു ബിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഇ. കെ. ജയൻ, ജിജി വിൻസെന്റ്, അംഗങ്ങളായ ട്രീസ ക്‌ളീറ്റസ്, ഇ.പി. ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാണി രമേഷ്, ടി.ബി. സാബു, താരകൃഷ്ണ, സാമൂഹ്യക്ഷേമവകുപ്പ് സി.ഡി.പി.ഒ സുമം, എസ്.ഡി.എസ് സൂപ്പർവൈസർ നിഷ പോൾ,കവയിത്രി അമ്മിണി, മനാഫ് മനേഴത്ത് എന്നിവർ സംസാരിച്ചു. അങ്കണവാടി പ്രവർത്തകർ, എടവനക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.യു.ജീവൻമിത്ര, ഹരി എന്നിവർ സന്നിഹിതരായിരുന്നു.