ആലുവ: പ്ലസ് വൺ പരീക്ഷ നടക്കുന്ന നഗരത്തിലെ ഒരു വിദ്യാലയത്തിൽ അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറി. അദ്ധ്യാപകരിൽ നിന്ന് മറ്റ് അദ്ധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും രോഗം പടരുമോയെന്ന ഭീതിയിലാണ്. വിദ്യാലയങ്ങൾ തുറക്കുന്നതോടെ ആശങ്ക ഇരട്ടിയാകുന്ന അവസ്ഥയാണ്.

മുൻകരുതൽ എടുത്തിട്ടും പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിരവധി പേരെ ക്വാറന്റെയിനിൽ പോകാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഒരു ദിവസം കഴിഞ്ഞാണ് കൊവിഡ് സ്ഥിരീകരണ റിപ്പോർട്ട് ലഭിക്കുന്നത്. അതിനുള്ളിൽ മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളും ഇടപഴകിക്കഴിഞ്ഞിട്ടുണ്ടാകും.

കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾ പി.പി.ഇ കിറ്റ് ധരിച്ച് വളരെയധികം മുൻകരുതലോടെയാണ് പരീക്ഷയെഴുതുന്നത്. ചില വിദ്യാലയങ്ങളിൽ ഒന്നിലേറെ വിദ്യാർത്ഥികൾ കിറ്റ് ധരിച്ച് എഴുതുന്നുണ്ട്. അവർക്ക് പ്രത്യേക മുറിയാണ് അനുവദിക്കുന്നത്. പരീക്ഷ ആരംഭിച്ചശേഷം രണ്ടാംനാൾ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിന്നീടുള്ള പരീക്ഷകളിൽ പി.പി.ഇ കിറ്റ് ധരിച്ച് വരുന്നവരുമുണ്ട്. ആദ്യ ദിവസമിരുന്ന ക്ലാസ് മുറിയിലെ എല്ലാ വിദ്യാർത്ഥികളേയും ക്വാറൻറ്റൈനിലെന്ന് പരിഗണിച്ച് ഒരേ ക്ലാസ് മുറിയിൽ ഇരുത്തുകയാണ് വിദ്യാലയങ്ങളിൽ ചെയ്യുന്നത്. പ്രത്യേക പരീക്ഷാമുറികൾ എല്ലാ ദിവസവും അദ്ധ്യാപകർ ഇവർക്കായി ഒരുക്കുന്നുണ്ട്.
എന്നാൽ വ്യത്യസ്ത വിഷയങ്ങളിൽ പരീക്ഷ ആകുമ്പോൾ ക്വാറന്റെയിൻ ആവശ്യമുള്ള പരീക്ഷാർത്ഥികളെ ഒരുമിച്ച് ഇരുത്താനും പ്രയോഗികവിഷമം വരുന്നുണ്ട്. അതിനാൽ കുട്ടികളെ വീണ്ടും വേറെ മുറികളിലായി ഇരുത്തേണ്ടതായും വരുന്നു.

ഇനിയും പ്ലസ് വൺ പരീക്ഷ നടക്കാനുണ്ട്. അതിനാൽ പകരം ഡ്യൂട്ടിക്കായി അദ്ധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി തുടങ്ങി. 18നാണ് പരീക്ഷ അവസാനിക്കുക.