ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം ഉടൻ ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ജൂണിൽ യോഗംചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. ഇതേത്തുടർന്നാണ് വീണ്ടും മന്ത്രിയെ സമീപിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
ആലുവ, കളമശേരി നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആലുവ - ആലങ്ങാട് റോഡിന്റെ വീതികുറഞ്ഞ തോട്ടുക്കാട്ടുകര കവല മുതൽ കടുങ്ങല്ലൂർ വരെയുള്ള ഭാഗമാണ് വികസിപ്പിക്കേണ്ടത്. 2012-13 വർഷത്തെ ബഡ്ജറ്റിൽ 455 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതി ലഭിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തി അലൈൻമെന്റ് തയ്യാറാക്കിയെങ്കിലും ഇതുവരെയായിട്ടും ഭൂമി ഏറ്റെടുക്കൽ നടപടികൾ നടന്നിട്ടില്ല. പി.ഡബ്ല്യു.ഡി, റവന്യൂ മറ്റു ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തരയോഗം വിളിച്ചുചേർക്കാമെന്നാണ് മന്ത്രി കഴിഞ്ഞദിവസം അറിയിച്ചത്.