ആലുവ: സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ ബോധവത്കരണ പരിപാടികളുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. സൈബർ ഇടങ്ങളിലെ സുരക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന പരിപാടി ജില്ലയിലുടനീളം ഒരാഴ്ചയോളം നീണ്ടുനിൽക്കും.
ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും ഇത്തരംസ്‌പെഷ്യൽ ഡ്രൈവ് നടത്തും. സൈബർ സാങ്കേതിക പരിജ്ഞാനം, സൈബർസുരക്ഷാ എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തും. ഇതോടൊപ്പം സൈബർസുരക്ഷ സംബന്ധിച്ച് കൃത്യമായ മോണിറ്ററിംഗും ജില്ലയിൽ ശക്തിപ്പെടുത്തും. ജനമൈത്രി പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെയും ഭാഗമായി ബോധവത്കരണ പരിപാടികളും വിവിധ റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളെ പങ്കെടുപ്പിച്ച് ക്ലാസുകളും നടത്തും. സൈബർരംഗത്തെ അജ്ഞതയും പരിചയമില്ലായ്മയും മൂലമാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ വ്യാപകമായ ബോധവത്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.