പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് ആദിൽ സൈനുൾഭായി ആണെന്നു പറഞ്ഞ് ഇ.എൻ.ടി ഡോക്ടറെ കബളിപ്പിച്ച് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തലശേരി സ്വദേശി റുബായിസ് (31), ഇൗരാറ്റുപേട്ട സ്വദേശി സനൂബ് ആലിയാർ (30), ഫാസിൽ (29), ഏലിയാസ് (30), കെ.ടി. അസീൽ (28) എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി.

റിലയൻസിന്റെ അനുബന്ധ കമ്പനിക്കുവേണ്ടി ഡേറ്റ ശേഖരിക്കാനുള്ള സോഫ്ട്‌വെയർ വില്പനയിൽ ഇടനിലക്കാരനായി നിൽക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചാണ് റുബായിസ് എളംകുളം സ്വദേശിയായ ഡോക്ടറെ സമീപിച്ചത്. മുഹമ്മദ് ആദിൽ സൈനുൾഭായിയാണെന്നാണ് ഇയാൾ ഡോക്ടറോടു പറഞ്ഞത്. ഇടപാടിന്റെ ഭാഗമായി ഡോക്ടറുടെ അക്കൗണ്ടിൽ ഒരു കോടി രൂപ നിക്ഷേപിച്ചെന്നു വിശ്വസിപ്പിക്കാനുള്ള വ്യാജരേഖയും പ്രതികൾ തയ്യാറാക്കിയിരുന്നു, ഡോക്ടറുടെ അക്കൗണ്ടിലേക്ക് പണമെത്തുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ഇവർ 52 ലക്ഷം രൂപ കൈക്കലാക്കി. എന്നാൽ തന്റെ അക്കൗണ്ടിലേക്ക് പണമെത്തിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും ഇവരുടെ യഥാർത്ഥ മേൽവിലാസം പോലും കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.