police-

കൊച്ചി: എറണാകുളം കാലടി മിനി സിവിൽ സ്റ്റേഷൻ ഓഫീസിനു മുന്നിൽ ഒരു കാവൽക്കാരൻ ഉണ്ട്. കറപ്പനെന്ന നായയാണ് ആ കാവൽക്കാരൻ. കെട്ടിടത്തിൽ പല ഓഫീസുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രധാന കൂട്ടുകാർ. കാക്കിയിട്ടെത്തുന്ന എക്സൈസ് ഓഫീസർമാരെ കണ്ടാൽ ഓടി അടുത്തെത്തും. കറപ്പന് ഉച്ചക്ക് ചോറും രാവിലെയും വൈകിട്ടും ചായയും ബിസ്ക്കറ്റും എല്ലാം വാങ്ങി നൽകുന്നത് ഇവരാണ്. എക്സൈസ് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാനെ കണ്ടാൽ സല്യൂട്ടിന് തുല്യം വാലാട്ടൽ ഉറപ്പാണ്. മേലുദ്യോഗസ്ഥർക്ക് പ്രത്യേകം പരിഗണന നൽകും കറപ്പനെന്ന് എക്സൈസ് ഉദ്യേഗസ്ഥർ പറയുന്നു.

എട്ട് മാസങ്ങൾക്കു മുൻപാണ് കറപ്പൻ ഇവിടെയെത്തിയത്. മിനി സിവിൽ സ്റ്റേഷന്റെ പടിവാതിലിൽ തന്നെ ഉണ്ടാകും എപ്പോഴും. ആ പരിസരത്ത്‌ നിന്ന് പുറത്തു പോകുന്നത് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാത്രം. എങ്കിലും അധിക സമയം അവിടെ ചിലവഴിക്കാതെ കറപ്പൻ തിരികെയെത്തും. ആർക്കൊപ്പവും പോകാതെ എക്സൈസുകാർക്ക് കൂട്ടായും സിവിൽ സ്റ്റേഷന് കാവലായും ജീവിക്കുകയാണ് കറപ്പൻ.

"കഴിഞ്ഞയാഴ്ച്ച ഒരു ബംഗാൾ സ്വദേശി ഓഫീസിൽ വന്നിരുന്നു. കറപ്പനുമായി വലിയ സൗഹൃദത്തിലായി. ഉമ്മയെല്ലാം നൽകി പോകുമ്പോൾ പോകുന്നുവെങ്കിൽ കൂടെ പൊയ്ക്കൊള്ളാൻ പറഞ്ഞു. കറപ്പൻ അയാൾക്കൊപ്പം പോയി വണ്ടിയിൽ കയറി. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും വണ്ടിയിൽ നിന്ന് ചാടി എന്റെയരികിലെത്തി. അത് കണ്ണീരണിയുന്ന കാഴ്ചയായിരുന്നു."

പി.വൈ. ചെറിയാൻ,​

എക്സൈസ് ഓഫീസർ