കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് മുന്നാം വാർഡിൽ കുറുപ്പംപടി ടൗണിനു സമീപത്ത് ആലുവ മൂന്നാർ റോഡരികിലുള്ള മുളപ്പൻചിറ കാടു കയറി ചെളിയും പായലും നിറഞ്ഞ് നശിക്കുന്നു. വശങ്ങളെല്ലാം ഇടിഞ്ഞുപോയ അവസ്ഥയിലാണ്. കുറുപ്പംപടി ടൗണിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റി പമ്പ് ഹൗസിന്റെ ഇലസ്രോതസാണ് രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ള അതിപുരാതനമായ ഈ ചിറ.
ഏതു കടുത്ത വേനലിലും ജലസമൃദ്ധമാണ് എന്ന പ്രത്യേകതയുണ്ട് ഈ ചിറയ്ക്ക്. മുൻ വാർഡ് അംഗം ചിറയുടെ നവീകരണത്തിന് വേണ്ടി 78 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് പ്രൊജക്റ്റ് സമർപ്പിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കാതെ പോയി. തുടർന്ന് കഴിഞ്ഞ വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെളി കോരി വശങ്ങൾകെട്ടി സംരക്ഷിക്കുന്നതിന് വേണ്ടി വകയിരുത്തി കരാർ ഉറപ്പിച്ചെങ്കിലും നാളിതുവരെയായിട്ടും കരാറുകാരൻ പണികൾ ചെയ്തിട്ടില്ല.
ചിറയുടെ ചുറ്റിലും നടപ്പാതയും കൈവരികളും നിർമ്മിച്ച് മനോഹരമാക്കിയാൽ മൂന്നാറിലേക്കുംമറ്റും പോകുന്ന വിനോദ സഞ്ചാരികൾക്ക് റോഡരികിൽ നല്ലൊരു ഇടത്താവളമായി പ്രദേശം വികസിപ്പിച്ചെടുക്കാൻ കഴിയും. സമീപ സ്ഥലത്ത് കുട്ടികളുടെ പാർക്ക്,ലഘുഭക്ഷണശാല, ചിറയിൽ പെഡൽ ബോട്ട് യാത്ര, നീന്തൽ പരിശീലനം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. എത്രയും പെട്ടെന്ന് ചിറയുടെ നവീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിറയുടെ നവീകരണം മേഖലയുടെ വികസനത്തിന്അത്യന്താപേക്ഷിതമാണ്. തുക പാഴായി പോകാതെ എത്രയുംവേഗം പണികൾ നടത്തുവാൻ കോൺട്രാക്ടറോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണികൾ ആരംഭിക്കുന്നതിന് യാതൊരുവിധ നടപടികളും ഇതുവരെ എടുത്തിട്ടില്ല.
സജി പടയാട്ടിൽ,വാർഡ് മെമ്പർ
മുളപ്പൻ ചിറക്ക് നബാർഡ് പോലെയുള്ള വലിയ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതിയാണ് വേണ്ടത്. പഞ്ചായത്തിലെ ഏറ്റവും വലുപ്പമുള്ള ചിറയാണിത്. പലപ്പോഴും നടക്കുന്നത് ചെറിയ തുകകൾ വച്ച് കൊണ്ടുള്ള പണികൾ എങ്ങും എത്താതെപോവുകയും ചെയ്തപണി പ്രയോജനപ്രദമാവാത്ത സാഹചര്യം നിലവിലുണ്ട്. 10 ലക്ഷം രൂപയുടെ കരാർ അംഗീകരിച്ച് എഗ്രിമന്റ് വച്ച് കിടക്കുന്നുണ്ട്. എങ്ങനെ ചെയ്യണമെന്ന തീരുമാനമെടുത്തിട്ടില്ല. മണ്ണ് നിക്ഷേപിക്കണമെങ്കിൽ തന്നെ വലിയ സ്ഥലം വേണ്ടിവരും. ആ മണ്ണ് പിന്നീട് ലേലം ചെയ്യേണ്ടി വരും. ചിറയുടെ വശങ്ങളിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മണ്ണ്കോരി വശങ്ങൾ കെട്ടി സംരക്ഷിക്കണമെങ്കിൽ വലിയൊരു പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
എൻ.പി.അജയകുമാർ, പ്രസിഡന്റ്, രായമംഗലം ഗ്രാമപഞ്ചായത്ത്