കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റ് നടത്തിപ്പ് ആർക്ക് നൽകണമെന്ന കാര്യം കൗൺസിൽ തീരുമാനിക്കും. മേയ് അഞ്ചിന് വിളിച്ച ടെൻഡറിൽ നാലു കമ്പനികൾ പങ്കെടുത്തിരുന്നു. ടെക്‌നോ സ്റ്റാർ എന്ന കമ്പനിയാണ് സാങ്കേതികയോഗ്യത നേടിയത്. മലപ്പുറം മുനിസിപ്പാലിറ്റിയുടെ എം.എസ്.ഡബ്‌ള്യു സംസ്‌കരണ പ്ലാന്റ് ഒന്നരവർഷവും ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണ പ്ലാന്റ് രണ്ടരവർഷവും പ്രവർത്തിപ്പിച്ച് പരിചയമുണ്ടെന്ന രേഖകളാണ് കമ്പനി നൽകിയത്. ഈ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിനായി മേയർ എം.അനിൽകുമാർ ആരോഗ്യസ്ഥിരംസമിതിയെ ചുമതലപ്പെടുത്തി. പ്ളാന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പത്തുദിവസത്തിനകം സ്പെഷ്യൽ കൗൺസിൽ വിളിക്കുമെന്ന് മേയർ പ്രഖ്യാപിച്ചുവെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല .

 തീരുമാനം നീളുന്നതിൽ

ദുരൂഹത

കടവന്ത്ര ഗാന്ധിനഗർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളിൽ വരുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായാൽ പിന്നെ കൗൺസിൽയോഗം ചേരാൻ കഴിയില്ല. ഇടിഞ്ഞുവീഴാറായ പ്ലാന്റ് പുതിയ കമ്പനിക്ക് നൽകാനുള്ള നീക്കത്തിനെതിരെ സ്വകാര്യവ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയാണ് മറ്റൊരു വെല്ലുവിളി. പുതിയ കമ്പനി വരുന്നതുവരെ തുടരാനാണ് നിലവിലെ കരാറുകാരനുമായുള്ള വ്യവസ്ഥ. പ്ളാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം ഏതുവിധേനെയും നീട്ടികൊണ്ടുപോകാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.

 സർട്ടിഫിക്കറ്റുകൾ ആധികാരികം

ടെക്‌നോസ്റ്റാർ കമ്പനി നൽകിയിട്ടുള്ള രേഖകൾ സുതാര്യമാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് മലപ്പുറം, ഒറ്റപ്പാലം മുനിസിപ്പാലിറ്റി ചെയർമാൻമാരുമായി സംസാരിച്ചു. ഇക്കാര്യം കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടു.

ടി.കെ. അഷ്‌റഫ്,

ആരോഗ്യസ്ഥിരംസമിതി ചെയർമാൻ

 റീടെൻഡർ വേണം

കമ്പനി ഹാജരാക്കിയ പ്രവൃത്തിപരിചയ രേഖകൾ വിശ്വാസയോഗ്യമല്ല. റീടെൻഡർ ചെയ്യണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു.

ആന്റണി കുരീത്തറ, പ്രതിപക്ഷനേതാവ്

 ഫിനാൻഷ്യൽ ബിഡ്

തുറക്കണം

റീടെൻഡർ ചെയ്യുന്നതിന് നിർദ്ദേശം നൽകിയത് മുൻ മേയർ സൗമിനി ജെയിനാണ്. അതനുസരിച്ച് സെക്രട്ടറി ടെൻഡർ നടപടികൾ ആരംഭിച്ചു. അപ്പോഴേക്കും ഭരണം മാറി. ടെക്‌നോ സ്റ്റാറിനെ തിരഞ്ഞെടുത്തത് ഉദ്യോഗസ്ഥരടങ്ങുന്ന സാങ്കേതികവിദഗ്ദ്ധരാണ്. മുനിസിപ്പൽ നിയമപ്രകാരം ഫിനാൻഷ്യൽ ബിഡ് തുറക്കുകയാണ് അടുത്തഘട്ടം. എന്നാൽ അതിനുപകരം കമ്പനിയുടെ യോഗ്യത പരിശോധിക്കുന്നതിന് ആരോഗ്യസമിതിയെ ചുമതലപ്പെടുത്തിയതിന്റെ യുക്തി മനസിലാകുന്നില്ല. 200 ടൺ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടാകണം എന്ന നാട്ടിലെങ്ങുമില്ലാത്ത വ്യവസ്ഥയുടെ പേരിൽ 2011 മുതൽ ഒരേ കരാറുകാരനെ തുടരാൻ അനുവദിക്കുന്നത് അന്യായമാണ്. ഓഡിറ്റ് റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. കൗൺസിലർമാർക്ക് ബാദ്ധ്യതവരുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

ദീപ്തിമേരി വർഗീസ്, കൗൺസിലർ