കൊച്ചി: യുവാക്കളിലേയും കുട്ടികളിലേയും ലഹരി ഉപയോഗം കുറയ്ക്കാൻ സമൂഹം ജാഗ്രതയായിരിക്കണമെന്ന് എക്‌സൈസ് ജോയിന്റ് കമ്മിഷണർ പി.കെ. സനു പറഞ്ഞു. ഗാന്ധിജയന്തിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിലെ വിമുക്തി ലഹരിവർജനമിഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന നവമാദ്ധ്യമ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമനടപടികൾ കാര്യക്ഷമമാകുമ്പോഴും യുവതലമുറയിൽ വലിയരീതിയിൽ ലഹരിയുടെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. ഇതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കൂട്ടായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുത്തൻകുരിശ് സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ. റെജി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ജി. സുരേഷ്‌കുമാർ, വിമുക്തിമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എ. ഫൈസൽ, അസി. പ്രൊഫസർമാരായ മെറിൻ ജോയി, അശ്വതി എ. ബാസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ബിബിൻ ജോർജ് ക്ലാസിന് നേതൃത്വം നൽകി.

31 വരെ നീളുന്ന പ്രചാരണത്തിന്റെ ഭാഗമായി വിമുക്തി ലഹരിവർജനമിഷൻ തയാറാക്കിയ ഹ്രസ്വ വീഡിയോകൾ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവവഴി പ്രചരിപ്പിക്കും. സ്‌കൂൾ, കോളേജ് തലങ്ങളിലെ ലഹരിവിരുദ്ധ ക്ലബുകൾ, എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രചാരണം.