കൊവിഡിൽ കുരുങ്ങി ഫിഷ് ന്യൂട്രികാർട്ട്
കൊച്ചി: മീൻവിഭവങ്ങളുമായി നഗരഹൃദയത്തിലേക്ക് ഫിഷ് ന്യൂട്രി കാർട്ട് എന്ന സംരംഭവുമായി എത്തിയ വീട്ടമ്മമാർ ലക്ഷങ്ങളുടെ കടക്കെണിയിൽ. വരാപ്പുഴ സ്വദേശികളായ സുനിത സജീവനും ഓമന സുബ്രഹ്മണ്യനും സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) സഹായത്തോടെയാണ് ഫിഷ് ന്യൂട്രികാർട്ട് ആരംഭിച്ചത്. എം.പി.ഇ.ഡി.എ തന്നെ തവണവ്യവസ്ഥയിൽ ഇവർക്ക് വാഹനം നൽകി. ആഴ്ചയിൽ 400 രൂപ വാടക അടക്കണം. കൊവിഡുകാലത്ത് കച്ചവടം ഇല്ലാതായി. മത്സ്യത്തൊഴിലാളികളായ ഇവർക്ക് ഇതോടെ വാടക ഇനത്തിൽ ഒരു ലക്ഷം രൂപ കുടിശിക വന്നു.
മീൻവിഭവങ്ങൾക്കായി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വില്പനശാലയാണ് ഫിഷ് ന്യൂട്രികാർട്ട്. മൂന്നുവർഷം മുമ്പാണ് ഇവർ മീൻവിഭവങ്ങളുമായി കൊച്ചിയിലെ നിരത്തുകളിൽ എത്തിയത്. പനമ്പള്ളി നഗറിൽ പാസ്‌പോർട്ട് ഓഫീസിന് സമീപമായിരുന്നു തുടക്കം.
ആദ്യകാലത്ത് പ്രതിദിനം 12000 രൂപ മുതൽ 13000 രൂപ വരെ വരുമാനം ലഭിച്ചെങ്കിലും പിന്നീട് 7000 രൂപയിലേക്ക് വരുമാനം ചുരുങ്ങി. മത്സ്യംവാങ്ങുന്ന വിലപോലും കച്ചവടത്തിൽ നിന്ന് ലഭിക്കാതെയായി. സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) കീഴിലുള്ള നാലുപേർ അടങ്ങുന്ന അമൃത യൂണിറ്റിലെ അംഗങ്ങളാണ് ഇവർ.
ജീവിതമാർഗം തേടി ഇവർ ആദ്യം ആരംഭിച്ചത് ടെക്‌സ്‌റ്റൈൽസ് കച്ചവടമാണ്. അത് നഷ്ടമായപ്പോൾ ഉണക്കമീനിലേക്ക് തിരിഞ്ഞു. മീൻ ഉണക്കി കടകളിൽ കൊടുക്കുകയായിരുന്നു പതിവ്. ഇതിന് ശേഷമാണ് ഫിഷ് ന്യൂട്രികാർട്ട് ആരംഭിച്ചത്.
പണം അടയ്ക്കണമെന്ന് എം.പി.ഇ.ഡി.എ പറഞ്ഞാൽ ഉടൻ അത്രയും പണം അടയ്ക്കാനുള്ള സാഹചര്യം നിലവിലില്ല. എന്റെ പേരിലാണ് വാഹനം. വാടക കൂടി വന്നപ്പോൾ തിരികെ എം.പി.ഇ.ഡി.എയ്ക്ക് തന്നെ നൽകി
സുനിത സജീവൻ
കൊവിഡ് കാലത്താണ് കച്ചവടം പാളിയത്. വണ്ടി തുരുമ്പെടുക്കുന്ന അവസ്ഥ എത്തിയപ്പോൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്.
എം.പി.ഇ.ഡി.എ അധികൃതർ