കോതമംഗലം: പാലമറ്റം ചിക്കോടുള്ള റോയിയുടെ കൃഷിത്തോട്ടത്തിലെത്തിയാൽ ആരും കൺഫ്യൂഷനിലായിപ്പോകും, ഏതു പഴം ആദ്യം രുചിക്കണമെന്ന്. നാട്ടുകാർ സ്നേഹത്തോടെ 'റോയ് ചേട്ടനെ'ന്ന് വിളിക്കുന്ന പരുന്തുംകുഴി മാത്യു പി.ജേക്കബിന്റെ ഒന്നര ഏക്കർ കൃഷിയിടത്തിൽ മുപ്പതിലേറെ ഫലവർഗങ്ങളുണ്ട്. അവയിൽ സാധാരണക്കാരന് കേട്ടു പരിചയമില്ലാത്ത വിദേശ പഴങ്ങളുമുണ്ട്. അവയിൽ സായിപ്പിന്റെ ഇഷ്ട്ട പഴമായ റോളിനിയ പഴമാണ് വ്യത്യസ്തൻ .
റോളിനിയക്ക് പുറമെ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, മാങ്കോസ്റ്റിൻ, മിറാക്കിൾ ഫ്രൂട്ട്, വൈറ്റ് ഞാവൽ, ബ്ലാക്ക് ഞാവൽ , അവക്കാടോ , ലിച്ചി എന്നി പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നു.ഇതിനു പുറമെ കൂർക്ക, മഞ്ഞൾ, തേൻ, വെണ്ട, തണ്ണിമത്തൻ, പച്ചമുളക്, വിവിധ ഇനം വാഴകൾ, മാവ്, പ്ലാവ് എന്നിവ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉണ്ട്.
മണ്ണിന്റെ ആത്മാവ് തൊട്ടറിഞ്ഞാണ് ഇദ്ദേഹത്തിന്റെ കൃഷി രീതി. തീർത്തും ജൈവ വള പ്രയോഗം. അതിനായി ചാണകം, പച്ചില, കടല കൊപ്ര, എല്ലു പൊടി, വേപ്പിൻ പിണ്ണാക്ക്, പുകല, കാന്താരി ഇവ ഉപയോഗിച്ച് വളം തയാറാക്കുന്നു .കൃഷിയോടൊപ്പം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലും മുൻ പന്തിയിൽ തന്നെയുണ്ടിദ്ദേഹം. പാലിയേറ്റിവ് കെയർ വോളന്റിയർ കൂടിയാണ്. തന്നെ പോലെ തന്നെ കൃഷിയിൽ ഭാര്യ ബീനക്കും മക്കളായ ജേക്കബിനും നിക്കിക്കും കുര്യനും വലിയ താല്പര്യം ഉണ്ടെങ്കിലും ജോലി തിരക്കും പഠന തിരക്കും മൂലം അവർക്ക് എപ്പോഴും അതിന് സാധിക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു.
റോളിനിയ ഡെലികോസ്സ
തെക്കൻ അമേരിക്ക, ബ്രസീൽ, അർജന്റീന, പെറു തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടു വരുന്ന റോളിനിയ ഇപ്പോൾ കേരളത്തിലും ഫലവൃക്ഷ തോട്ടങ്ങളിൽ ഇടം പിടിച്ചു തുടങ്ങിയിട്ടുണ്ട്.
പല ഇനം റോളിനിയകൾ ഉണ്ടെങ്കിലും 'റോളിനിയ ഡെലികോസ്സ' എന്നറിയപ്പെടുന്ന ഇനമാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നതെന്ന് റോയി ചേട്ടൻ പറയുന്നു .