കളമശേരി: ചങ്ങമ്പുഴ നഗറിനടുത്ത് പാതിശേരി കൊമേഴ്സ്യൽ ബിൽഡിംഗിലെ രണ്ടാം നിലയുടെ ടെറസിലെ പൊതുശുചിമുറിയിൽ കോട്ടയം തെള്ളകം നടുതല വീട്ടിൽ മാർക്സ് ജോർജിന്റെ മകൻ ജെറിൻ മാർക്സി (29)ന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. ഇടപ്പള്ളിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ്. യൂറോപ്യൻ ക്ലോസറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു ജഡം. മൊബൈൽ ഫോണും ക്ലോസറ്റിലെ ഫ്ളഷ് ടാങ്കും കത്തിക്കരിഞ്ഞു. ഡി.ഡി.ആർ.സി ലാബിലെ മെഡിക്കൽ റിപ്പോർട്ട് പകുതി കത്തിയ നിലയിൽ സമീപത്തുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 11 മണിക്ക് റിങ്കു അലക്സാണ്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് പരിസരത്തുള്ളവർ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ.എം. സതീശന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോഴാണ് ജഡം കണ്ടത്. കളമശേരി ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: സൂസമ്മ. സഹോദരങ്ങൾ: ടോണി മാക്സ്, ജിനോ മാക്സ്.