മുളന്തുരുത്തി: ഗതാഗത തിരക്കിനെത്തുടർന്ന് മുളന്തുരുത്തിയിൽ അപകടങ്ങൾ വർദ്ധിച്ചിട്ടും ഗതാഗത നിയന്ത്രണത്തിന് ഇതേവരെ നടപടിയില്ല.പള്ളിത്താഴത്ത് കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്.പള്ളിത്താഴത്തും കരവട്ടെക്കുരിശിലും വാഹനങ്ങൾ നിയന്ത്രണമില്ലാതെ പായുകയാണ്. കാൽനടക്കാർ ഈ ഭാഗങ്ങളിൽ ജീവൻ പണയംവെച്ചാണ് സഞ്ചരിക്കുന്നത്.
പള്ളിത്താഴത്ത് നാലുഭാഗത്തും നിന്നാണ് വാഹനങ്ങൾ കുതിച്ചെത്തുന്നത്. ഇത് നിയന്ത്രിക്കുവാൻ ഇവിടെയുള്ള ഒരു ഹോം ഗാർഡ് പെടാപ്പാടിലാണ്. വലിയ ജംഗ്ഷനായിട്ടും ഇവിടെ ട്രാഫിക് ഐലൻഡ് സ്ഥാപിച്ചിട്ടില്ല. ഒരു വശത്തു നിന്നാണ് ഹോംഗാർഡ് വാഹനം നിയന്ത്രിക്കുന്നത്. ഇത് പല വാഹനങ്ങളും ശ്രദ്ധിക്കാറില്ല. വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു.
# കെണിയായി ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ.
കുരുക്കിന് പ്രധാന കാരണം ബസുകൾ ജംഗ്ഷനിൽ തന്നെ ഇരുഭാഗത്തും നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതാണ്. ഈ ബസ് സ്റ്റോപ്പുകൾ മാറ്റുമെന്ന് പലതവണ പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല. സമീപത്ത് ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും ബസുകൾ ഇവിടേയ്ക്ക് പോകാറില്ല. പൊലീസും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കുന്നില്ല.
പാർക്കിംഗ് തോന്നിയപോലെയാണ്. രാവിലെയും വൈകിട്ടും ചോറ്റാനിക്കര റോഡിൽ പാർക്കിംഗ് മൂലം ഗതാഗതക്കുകുരുക്കും അപകടവും പതിവാണ്.
നഗരത്തിലെ തിരക്ക് കൂടിവരികയാണ്.തിരക്ക് നിയന്ത്രിക്കുവാൻ ജംഗ്ഷനുകളിൽ സിഗ്‌നൽ ലൈറ്റുകളും ട്രാഫിക് ഐലൻഡും സ്ഥാപിക്കണം. പാർക്കിംഗ് ഏകീകരണം വേണം.
സണ്ണി, ഓട്ടോ ഡ്രൈവർ.