house
നെടുമ്പാശേരി മള്ളുശേരി പുനരധിവാസ കേന്ദ്രത്തിലെ ഇടിഞ്ഞു വീഴാറായ വീടുകളിലൊന്ന്

നെടുമ്പാശേരി: കാൽ നൂറ്റാണ്ടിലേറെയായി ഭൂമിക്ക് രേഖകളൊന്നുമില്ലാതെ നെടുമ്പാശേരി പഞ്ചായത്തിലെ മള്ളുശേരി പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന മുപ്പത്തഞ്ചോളം കുടുംബങ്ങൾക്ക് ഇനി ആശ്വാസിക്കാം. പുനരധിവാസ പദ്ധതിപ്രകാരം ലഭിച്ച ഭൂമിയിൽ അർഹരായവർക്ക് പട്ടയംനൽകാൻ നടപടി സ്വീകരിക്കാവുന്നതാണെന്നും ലക്ഷംവീട് പദ്ധതിയിൽ പട്ടയം നൽകുന്ന നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണെന്നും ജില്ലാ കളക്ടർ ജാഫർ മാലിക്ക് ആലുവ തഹസിൽദാർക്ക് ഉത്തരവ് നൽകി.

ഗ്രാമീണ ഭൂരഹിത തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം 25വർഷം മുമ്പ് ഭൂമി ലഭിച്ചവർക്കാണ് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആശ്വാസമാകുന്നത്. നെടുമ്പാശേരി പഞ്ചായത്ത് വാങ്ങിനൽകിയ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് തടസമുന്നയിച്ചതാണ് കുടുംബങ്ങൾക്ക് വിനയായത്. ഇതേത്തുടർന്ന് മാറിമാറിവന്ന സർക്കാരുകൾക്ക് മുമ്പിൽ അനുകൂല തീരുമാനത്തിനായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒരുമാസംമുമ്പ് കർഷകതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായിരിക്കെ കൊവിഡ് ബാധിതനായി മരിച്ച എം.കെ. മോഹനന്റെ കുടുംബസഹായഫണ്ട് കൈമാറാൻ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ എത്തിയപ്പോൾ സി.പി.എം നേതൃത്വത്തിൽ കോളനി നിവാസികൾ നിവേദനം നൽകി. അടിയന്തര പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

കോളനിയിലെ വീടുകളിൽ പലതും കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലാണ്. ഭൂമി സംബന്ധമായ രേഖകളില്ലാത്തതിനാൽ ബാങ്ക് വായ്പയെടുത്ത് പുതുക്കിപ്പണിയാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു.

മന്ത്രിക്ക് നന്ദിയറിയിച്ച് കോളനിവാസികൾ

കാൽനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് പരിഹാരം കണ്ടെത്താൻ ഇടപെട്ട മന്ത്രി എം.വി. ഗോവിന്ദന് കോളനി വാസികൾ നന്ദി രേഖപ്പെടുത്തി. ഇനിയും താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിക്കരുതെന്നും വേഗത്തിലാക്കണമെന്നും കോളനി നിവാസികൾ ആവശ്യപ്പെട്ടു.