കൂത്താട്ടുകുളം: പാല റോഡിൽ മംഗലത്തുതാഴം മാവിൻ ചുവട് ഭാഗത്ത് വൻതോതിൽ മലയിടിച്ച് മണ്ണ് കടത്തുന്നത് കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ തടഞ്ഞു.പാരിസ്ഥിതിക പ്രശ്നങ്ങൾക്കും, ജലക്ഷാമത്തിനും വഴിവെയ്ക്കുന്ന കുന്നിടിക്കലിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. നാളുകൾക്ക് മുമ്പ് ഈ ഭാഗത്ത് കുന്നിടിക്കൽ നടന്നിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ എത്തിയ രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ടോറസ് ലോറികളിൽ നൂറ്റമ്പത് ലോഡിലേറെ മണ്ണ് കടത്തി. റോഡ് നിറയെ കിടക്കുന്ന മണ്ണിൽ വാഹനങ്ങൾ കയറി തെന്നി മറിയാൻ തുടങ്ങിയിരുന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി എത്തി. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി സി.എൻ.പ്രഭ കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണെടുക്കൽ തടഞ്ഞത്.
ആലപ്പുഴ ഭാഗത്തേക്കാണ് ഈ മേഖലയിലെ മണ്ണ് കടത്തുന്നത്.പത്തു സെന്റ് സ്ഥലത്തെ വീടുപണിക്ക് അനുമതി വാങ്ങുകയും പിന്നീട് ഒരു മല ദിവസങ്ങൾക്കുള്ളിൽ ഒന്നടങ്കം ഇല്ലാതാക്കുകയും ചെയ്യുന്ന സംഘം മേഖലയിൽ സജീവമാണ്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി
മുഖ്യമന്ത്രി, റവന്യൂ മന്ത്രി ,കളക്ടർ,വില്ലേജ് ഓഫീസർ, റവന്യു അധികൃതർ എന്നിവർക്ക് പരാതി നൽകി.