ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളി സമുദായ ഫെഡറേഷൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന സമരം ഇന്നവസാനിക്കും. പട്ടികജാതിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുക, അതുവരെ ഒരുശതമാനം പ്രത്യേക സംവരണം അനുവദിക്കുക, നിലവിൽ വിദ്യാഭ്യാസരംഗത്തുള്ള ഒരുശതമാനം സംവരണം ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകൾക്കും മെഡിക്കൽ പിജിക്കും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
കേരള വേളർ സർവീസ് സൊസൈറ്റി കീഴ്മാട് ശാഖ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. രാജീവ് മുതിരാക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. മണി, എ.കെ. ഗോപി, എം.ടി. ദിനൂപ്, ആശ രവി എന്നിവർ സംസാരിച്ചു.