ചോറ്റാനിക്കര: ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. പതിനഞ്ചിന് വിജയദശമിയോടെ സമാപിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ അയ്യപ്പൻ എന്നിവർ ചേർന്ന് ആഘോഷം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ.പിള്ള, ദേവസ്വം മാനേജർ എം.ജി. യഹുൽദാസ്, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുത്തു.
എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ നവരാത്രി സംഗീതോത്സവവും വൈകിട്ട് ആറുമുതൽ ഒമ്പതുവരെ നൃത്തോത്സവവും നടക്കും.13ന് രാവിലെ എട്ടരയ്ക്കാണ് പ്രസിദ്ധമായ പവിഴമല്ലിത്തറ മേളം. പതിനാലിന് നടക്കുന്ന ശീവേലിമേളത്തിന് പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകും.13ന് വൈകിട്ട് പൂജവയ്‌പ്പും 15ന് രാവിലെ വിദ്യാരംഭവും നടക്കും.