കൊച്ചി: കാക്കനാട് ലഹരിക്കേസിലെ മുഖ്യകണ്ണികളിൽ ഒരാളായ ടീച്ചറെന്ന് വിളിപ്പേരുള്ള കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിന്റെ സാമ്പത്തിക സ്രോതസ് കേന്ദ്രീകരിച്ച് അന്വേഷണം. ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നുപോയിട്ടുണ്ട്. സുസ്മിതയാണ് പ്രതികളുടെ കൊച്ചിയിലെ ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത്. ഇവർ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും ഹോട്ടലുകൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വില്പന നടന്നിട്ടുണ്ട്. അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്തിയാൽ പ്രധാന ഇടപാടുകാരെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.സുസ്മിത പണം കൈമാറിയവരെ കണ്ടെത്താനായാൽ ഇവർ മയക്കുമരുന്ന് വാങ്ങുന്ന ഏജന്റുമാരെയടക്കം കണ്ടെത്താൻ കഴിഞ്ഞേക്കും. സുസ്മിതയുടെ അറസ്റ്റ് വൈകിയതിനാൽ നിർണായകമായ തെളിവുകൾ പലതും നശിപ്പിച്ചു കളഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സിനിമാ രംഗത്തെ പലരുമായും സുസ്മിതയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ലഹരിമരുന്ന് സിനിമാ രംഗത്തുള്ളവർക്ക് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ബി.എഡ് പൂർത്തിക്കിയ ശേഷം ഓൺലൈൻ ക്ലാസുകൾ എടുത്തുവരികയായിരുന്നു സുസ്മിത. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം കൊച്ചിയിലേക്ക് താമസം മാറിയ സുസ്മിതയ്ക്ക് വലിയ സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളർത്തുന്നതായിരുന്നു ഹോബി. പ്രതികളായ മുഹമ്മദ് ഫവാസിനെയും ഷബ്‌നയെയും ഇവർ പരിചയപ്പെടുകയും പിന്നീട് ഒരു സംഘം രൂപീകരിക്കുകയുമായിരുന്നു. കൂവപ്പടിയിലെ സമീപവാസികളോട് ഇവർ വലിയ അടുപ്പം പുലർത്തിയിരുന്നില്ല.