കൊച്ചി: ലക്ഷദ്വീപിന് സമീപം മത്സ്യ ബന്ധന ബോട്ടിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ച കേസിൽ എൽ.ടി.ടി.ഇയുടെ മുൻ ഇന്റലിജൻസ് വിഭാഗം മേധാവിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ പൗരനും ചെന്നൈ വത്സരവാക്കത്ത് താമസക്കാരനുമായ എസബാസർ എന്നു വിളിക്കുന്ന സത്കുനാം (47) ആണ് അറസ്റ്റിലായത്. മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന്റെ മുഖ്യ ആസൂത്രകനാണ് ഇയാളെന്ന് എൻ.ഐ.എ അറിയിച്ചു. എൽ.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മയക്കുമരുന്നും ആയുധങ്ങളും പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ചത്.

കോസ്റ്റ് ഗാർഡ് പിടികൂടിയ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ലഹരി മരുന്നും എ.കെ. 47 തോക്കുകളും കഴിഞ്ഞ മേയ് ഒന്നിന് കണ്ടെടുത്തത്. ലഹരിക്കടത്ത് കേസ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ആയുധക്കടത്ത് എൻ.ഐ.എയുമാണ് അന്വേഷിക്കുന്നത്. അങ്കമാലിയിൽ താമസിച്ചിരുന്ന എൽ.ടി.ടി.ഇ അനുയായിയെ ഉൾപ്പെടെ ഈ കേസിൽ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.