കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കാന നവീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കോൺക്രീറ്റ് സ്ലാബ് ദേഹത്തു വീണ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കലൂർ ഷേണായീസ് ക്രോസ് റോഡിൽ ചെറിയാൻ വർഗീസിന്റെ വീടിന്റെ വർക്ക് ഏരിയയുടെ മേൽക്കൂരയായി വച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് മൂന്നു തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആന്ധ്രാ ചിറ്റൂർ സ്വദേശി ധനപാൽ നായക് (45) ആണ് മരിച്ചത്. ചിറ്റൂർ സ്വദേശികളായ ശിവാജി നായിക്, ബംഗാരു സ്വാമി നായിക് എന്നിവർക്കാണ് പരിക്ക്.
സൺഷേഡിൽ നിന്ന് ചെറിയ മതിലിലേക്കാണ് സ്ലാബ് ഘടിപ്പിച്ചിരുന്നത്. സ്ലാബിന് ബലം നൽകാൻ അടിയിൽ ജാക്കികൾ വച്ചിരുന്നു. തൊഴിലാളികൾ കാനയിലെ മണ്ണ് നീക്കിയപ്പോൾ ജാക്കി ഒടിഞ്ഞ് സ്ലാബ് താഴേക്ക് പതിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
രണ്ടുപേർ മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യ വിവരം. ഇവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നാമതൊരാൾ കൂടി കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് ധനപാലിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അഞ്ചു പേരാണ് ജോലിക്കുണ്ടായിരുന്നത്.
പരിക്കേറ്റ ശിവാജി നായികിനെ ജില്ലാ ജനറൽ ആശുപത്രിയിലും ബംഗാരു സ്വാമി നായികിനെ കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഗാന്ധിനഗറിൽ നിന്നുള്ള അഗ്‌നിശമനസേനാ വിഭാഗവും നോർത്ത് പൊലീസുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.