കൊച്ചി: കലൂരിൽ സ്ലാബിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായത് അഗ്നിശമനസേനയുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടൽ. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികൾ അറിയിച്ച ഉടനെ ഗാന്ധിനഗറിൽ നിന്നുള്ള അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി.
ഷേണായിസ് ക്രോസ്റോഡിലെ എസ്.ആർ റെസിഡന്റ്‌സ് അസോസിയേഷനിലുള്ള ചെറിയാൻ വർഗീസ് എന്നയാളുടെ വീടിന്റെ വർക്ക് ഏരിയയുടെ മേൽക്കൂരയായി കനത്തിൽവാർത്ത സ്ലാബ് വീതികുറഞ്ഞ കാനയിലേക്ക് ചരിഞ്ഞുവീണ നിലയിലായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഒന്നിലേറെ ഉദ്യോഗസ്ഥർക്ക് സ്ലാബിലേക്ക് കയറാനും സാധിക്കുമായിരുന്നില്ല. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് സ്ലാബ് മുറിച്ചാണ് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചത്.
സൺഷേഡിൽനിന്ന് ചെറിയ മതിലിലേക്കാണ് സ്ലാബ് കൊടുത്തിരുന്നത്. പണിനടക്കുന്നതിനുമുന്നേ സ്ലാബിന് ബലംനൽകാൻ അടിയിൽ ജാക്കികൾ ഘടിപ്പിച്ചിരുന്നു. തൊഴിലാളികൾ കാനയിലെ മണ്ണ് നീക്കിയപ്പോഴാകാം ജാക്കിഒടിഞ്ഞ് സ്ലാബ് താഴേക്ക് പതിച്ചതെന്നാണ് പൊലീസ് അധികൃതർ നൽകുന്ന വിവരം.
മരിച്ച ധനപാൽ നായ്കിനെ പുറത്തെടുക്കുമ്പോൾ അരയ്ക്കുതാഴേക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
കൈയേറ്റമെന്ന് ആരോപണം
കാന കടന്നുപോകുന്ന സ്ഥലം സ്വകാര്യവ്യക്തികൾ കൈയേറിയിട്ടുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. മുമ്പ് നഗരസഭയിൽ ഈ വിഷയംം ചർച്ചയ്ക്ക് വന്നിട്ടുമുണ്ട്.