കൊച്ചി: അഭിഭാഷകനായ ബസന്ത് ബാലാജിയെ (49)കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. രാഷ്ട്രപതിയുടെ അംഗീകാരത്തെ തുടർന്നാണ് നിയമനം. മുൻ ഹൈക്കോടതി ജഡ്ജിയും വനിത കമ്മിഷൻ ചെയർപേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിയുടെയും യു. ബാലാജിയുടെയും മകനാണ്. തിരുവനന്തപുരം ലൊയോള സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലാ അക്കാഡമി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1995ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1998 വരെ തിരുവനന്തപുരത്തെ കോടതികളിൽ പ്രാക്ടീസ് തുടർന്ന ബസന്ത് ബാലാജി പിന്നീട് ഹൈക്കോടതിയിലേക്ക് മാറി.
2006 മുതൽ 2011 വരെ ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. 2011 മുതൽ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ച ബസന്ത് ലാൻഡ് അക്വിസിഷൻ, മോട്ടോർ വാഹന നിയമം, ഭരണഘടന, കരാർ നിയമം തുടങ്ങിയ കേസുകളിൽ പ്രാവീണ്യം തെളിയിച്ചു. കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് ഹൈക്കോടതി കൊളീജിയം ബസന്ത് ബാലാജിയുടെ പേര് ജഡ്ജിയായി ശുപാർശ ചെയ്തത്. വീട്ടമ്മയായ സിമ്മി പൊട്ടങ്ങാടനാണ് ഭാര്യ. നിയമ വിദ്യാർത്ഥിനി ആനന്ദിക ബസന്ത്, പ്ലസ് ടു വിദ്യാർത്ഥി സാരംഗ് ബസന്ത് എന്നിവരാണ് മക്കൾ.