james

കളമശേരി: മഞ്ഞുമ്മൽ മീൻവേലിൽ കെ.പി. ജയിംസിന്റെ ജീവിതം കരാട്ടെയ്ക്കു വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. കരാട്ടെയിൽ ഏറ്റവും ഉയർന്ന ഡിഗ്രിയുള്ള റെഡ് ബെൽറ്റ് നേടിയ ഇന്ത്യക്കാരൻ മാത്രമല്ല ലോക നിലവാരത്തിലും പ്രഥമസ്ഥാനീയനാണ് ജയിംസ്. ഒരു സെക്കന്റിൽ 8 ഹെവി പഞ്ച് ചെയ്യുന്ന അതിവേഗതയുള്ള ഇദ്ദേഹം ടെൻഷി -നോ - ഹ -ഷിറ്റോ റിയു സ്റ്റൈലിലെ സോക്കെ ടെൻത് ഡാൻ റെഡ് ബെൽറ്റ് ഗ്രാൻഡ് മാസ്റ്ററാണ്. 44 വർഷത്തെ നിരന്തര പരിശീലനവും കഠിനാദ്ധ്വാനവും കൊണ്ട് നേടിയതാണ് ഈ പദവി. കരാട്ടെയിൽ ഷിറ്റോറിയു, വടോറി യു, ജുഗോറിയു, ഷോട്ടോ ഗാൻ എന്നിങ്ങനെയുള്ള 4 ശൈലികളിൽ പഠിച്ച ശൈലിയിൽ നിന്ന് സ്വന്തമായി രൂപപ്പെടുത്തിയെടുക്കുമ്പോൾ പേരു മാറുകയും ഉന്നത ഗ്രാൻഡ് മാസ്റ്റർ പദവിക്കർഹനാകുകയും ചെയ്യും. ബ്ളാക്ക്ബെൽറ്റിൽ 8 ഡിഗ്രി കഴിഞ്ഞ് പത്താം ബെൽറ്റ് ഗ്രേഡിലെത്തുമ്പോഴാണ് സ്വന്തം ശൈലിയുടെ സൂപ്പർ റെഡ് ബെൽറ്റ് ഗ്രാൻഡ് മാസ്റ്ററാകുന്നത്.

കരാട്ടെ പഠിക്കുന്നതിനു മുമ്പുതന്നെ 70 കളിൽ മഞ്ഞുമ്മലിൽ നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട് ജയിംസ്. പുലർച്ചെ വീടു മുതൽ പളളി നടവരെ ഉദ്ദേശം 200 മീറ്റർ ദൂരം ഇരുകൈകളും നിലത്തു കുത്തി കാൽപാദങ്ങൾ ആകാശത്തിലേക്കുയർത്തി ശരീരം നിവർത്തി കൈ കുത്തി നടക്കുന്നത് വിനോദമായിരുന്നു. പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് നിത്യകാഴ്ചയായിരുന്നു ഇത്.

10000 ൽപ്പരം ശിഷ്യർ രാജ്യത്തിനകത്തും പുറത്തുമുള്ള ജയിംസ് കുവൈറ്റ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കരാട്ടെ പഠിക്കാനും പഠിപ്പിക്കാനും പോയിട്ടുണ്ട്. മഞ്ഞുമ്മലിലും അങ്കമാലിയിലും രണ്ടു വിദ്യാലയങ്ങളുൾപ്പെടെ 8 ഡോജോകളിൽ (പഠന കേന്ദ്രങ്ങൾ) കരാട്ടെ പഠിപ്പിക്കുന്നുണ്ട്. പെൺകുട്ടികൾ ഈ രംഗത്ത് തുടരുന്നത് കുറവാണെന്നതാണ് കരാട്ടെ അദ്ധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സങ്കടം. പ്രതിരോധമുറകൾ മനസ്സിലാക്കാൻ മാത്രമാണ് പെൺകുട്ടികൾ വരുന്നത്. 63 കാരനായ ജയിംസിന് 35കാരന്റെ ചുറുചുറുക്കും ആരോഗ്യവുമാണ്. 1984, 87,89 വർഷങ്ങളിലെ കരാട്ടെ കത്ത വിഭാഗത്തിൽ ദേശീയ ചാമ്പ്യനാണ്. ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ ചെലവുള്ളതിനാൽ പോകാറില്ല. ജയിംസിന് പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ഭാര്യ: മോളി, മക്കൾ :അഖിൽ (പൊലീസ് ) ,അലൻ ലീ (ഐ.ടി. ഫീൽഡ്) മരുമക്കൾ: സൂസൻ, മെൽബിൻസീ

കരാട്ടെയിലൂടെ ആത്മബലവും ആത്മനിയന്ത്രണവും കൈവരുന്നു. പോസിറ്റീവ് ചിന്തകൾ മനസ്സിൽ നിറയ്ക്കാനാകും. കരാട്ടെ അറിയുന്നത് കൊണ്ട് ആരുമായും വഴക്കു കൂടാറില്ല.

ജയിംസ്