കൊച്ചി: രക്തസമ്മർദ്ദം പോലെ പ്രായമായവരിൽ സാധാരണമായ ബി.പി.എച്ച് അഥവാ ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. 60 ന് മേൽ പ്രായമുള്ള പുരുഷന്മാരിൽ 25 ശതമാനം പേർക്കും ഈ രണ്ടു രോഗങ്ങളും കണ്ടുവരുന്നു.ധാരാളം വെള്ളം കുടിച്ചാൽ അസുഖങ്ങളെ കഴുകിക്കളയാമെന്ന മിഥ്യാധാരണകൾ പലപ്പോഴും ബി.പി.എച്ച് രോഗലക്ഷണങ്ങളെ സങ്കീർണമാക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയും ആൻട്രോളജിസ്റ്റ് ലാപ്രോസ്‌കോപിക് ആൻഡ് കിഡ്‌നി ട്രാൻസ്‌പ്ളാന്റ് സർജനുമായ ഡോ.എ.വി. വേണുഗോപാലൻ പറഞ്ഞു. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും സ്ഥിതി വഷളാക്കും. 40 വയസിന് മുകളിലുള്ള മൂന്നിൽ രണ്ട് പുരുഷന്മാരിലും പ്രോസ്റ്റേറ്റ് ലക്ഷണങ്ങൾ കണ്ടുവരുന്നു.
ജലപാനം നിയന്ത്രിക്കാം
* വെള്ളം കുടിക്കുന്നത് ദിവസവും ഒന്നര മുതൽ രണ്ടു ലിറ്റർ വരെയായി നിജപ്പെടുത്തുക
* കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ തുടങ്ങി കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുക
* ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
* ആഴ്ചയിൽ കുറഞ്ഞത് നാല് ദിവസം വ്യായാമം ചെയ്യുക
* കുറഞ്ഞത് എട്ട് മണിക്കൂർ നിർബന്ധമായും ഉറങ്ങുക
എരിവു കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് നിരന്തരമുള്ള മൂത്രമൊഴിക്കൽ നിയന്ത്രിക്കാൻ സഹായിക്കും
* പുകവലിയും മദ്യപാനവും അവസാനിപ്പിക്കുക
രോഗലക്ഷണങ്ങൾ
* അടിവയറ്റിലുണ്ടാകുന്ന വേദനയും മൂത്രം ഒഴിച്ചുകളയാൻ എടുക്കുന്ന കാലതാമസവും
* മൂത്രമൊഴിക്കുമ്പോൾ രക്തമോ പഴുപ്പോ പുറം തള്ളുകയോ ചുട്ടുനീറ്റൽ അനുഭവപ്പെടുകയോ ചെയ്യുക
* പാർശ്വങ്ങളിലുണ്ടാകുന്ന കഠിനമായ വേദന
* കണ്ണിനു ചുറ്റും കാലുകളിലുമുണ്ടാകുന്ന വീക്കം